എഡ്മന്റൺ: കാനഡയിലെ എഡ്‌മോണ്ടണിൽ ഇന്ത്യൻ വംശജന് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം. 44 വയസുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്. കടുത്ത നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച പ്രശാന്തിനെ ചികിത്സയ്ക്കായി എട്ടു മണിക്കൂറിലേറെ സമയം അധികൃതർ കാത്തുനിർത്തിയെന്ന് അദ്ദേഹത്തിന്റെ പിതാവ് കുമാർ ശ്രീകുമാർ ആരോപിച്ചു. കാനഡയിലെ എഡ്മന്റണിലുള്ള ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലാണ് ഈ നടുക്കുന്ന സംഭവം നടന്നത്.
ഡിസംബർ 22-ന് ജോലിസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയ ഉടൻ പ്രാഥമിക പരിശോധനകൾ നടത്തിയെങ്കിലും ഇദ്ദേഹത്തെ എമർജൻസി റൂമിലെ വെയിറ്റിംഗ് ഏരിയയിൽ ഇരുത്തുകയായിരുന്നു. വേദന സഹിക്കാനാവാതെ വന്നപ്പോൾ “പപ്പാ, എനിക്ക് ഈ വേദന താങ്ങാൻ വയ്യ” എന്ന് പ്രശാന്ത് കൂടെയുണ്ടായിരുന്ന പിതാവ് കുമാറിനോട് കരഞ്ഞുപറഞ്ഞു. പത്തിൽ 15 എന്ന് പറയാവുന്ന അത്രയും കഠിനമായ വേദനയാണ് തനിക്കെന്ന് പ്രശാന്ത് ജീവനക്കാരെ അറിയിച്ചിരുന്നു.
ആശുപത്രി അധികൃതർ ഒരു ഇ.സി.ജി (ECG) എടുത്ത ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് വേദനസംഹാരിയായ ടൈലനോൾ ഗുളിക നൽകി വീണ്ടും കാത്തിരിക്കാൻ നിർദ്ദേശിച്ചു. മണിക്കൂറുകൾ പിന്നിടുന്തോറും പ്രശാന്തിന്റെ രക്തസമ്മർദ്ദം കുതിച്ചുയർന്നു. ഒടുവിൽ എട്ടു മണിക്കൂറിന് ശേഷം ചികിത്സാ മുറിയിലേക്ക് വിളിച്ചെങ്കിലും, അവിടെ എത്തിയ നിമിഷം പ്രശാന്ത് നെഞ്ചിൽ കൈവെച്ച് പിതാവിന്റെ മുന്നിൽ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. നഴ്സുമാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യയും മൂന്ന്, പത്ത്, പതിനാല് വയസ്സുള്ള മൂന്ന് കുട്ടികളുമടങ്ങുന്നതാണ് പ്രശാന്തിന്റെ കുടുംബം. കാനഡയിലെ എമർജൻസി കെയർ വിഭാഗത്തിലെ അമിതമായ തിരക്കും ചികിത്സ വൈകുന്നതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. സംഭവത്തിൽ ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫീസ് അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
“Papa, I’m In Pain”: Indian Man Dies After 8-Hour Wait At Canada Hospital



