കാനഡയിലെ എഡ്മണ്ടണിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു. ലുധിയാനയിൽ നിന്നുള്ള യൂബർ ഡ്രൈവറായ ഇന്ദർപാൽ സിംഗാണ് മരിച്ചത്. ജൂൺ 4ന് എഡ്മണ്ടൻ നഗരത്തിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ രാത്രിയാണ് ആക്രമണമുണ്ടായത്. അദ്ദേഹം തന്റെ വീടിന് പുറത്ത് വാഹനം പാർക്ക് ചെയ്ത് ഇറങ്ങവെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. നാല് തവണയാണ് അക്രമി വെടിവെച്ചത്. സംഭവസ്ഥലത്തുവെച്ച് തന്നെ ഇന്ദർപാൽ മരണത്തിന് കീഴടങ്ങി. വെടിയൊച്ച കേട്ട പ്രദേശവാസികൾ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ വൈരാഗ്യമോ ഗുണ്ടാസംഘവുമായി ബന്ധപ്പെട്ട പകയോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
18 മാസം മുമ്പ് ഹോങ്കോങ്ങിൽ നിന്ന് കാനഡയിലേക്ക് താമസം മാറിയ ഇന്ദർപാൽ ഒരു യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഗർഭിണിയായ ഭാര്യയെയും എട്ട് വയസ്സുള്ള മകളും അദ്ദേഹത്തോടൊപ്പം കാനഡയിലുണ്ട്. മൃതദേഹം അന്തിമ ചടങ്ങുകൾക്കായി നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി ബന്ധുക്കൾ ഇന്ത്യൻ, കനേഡിയൻ അധികൃതരുടെ സഹായം തേടി.



