കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ നിന്ന് മൂന്ന് ദിവസം മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒട്ടാവയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥിനി വൻഷിക (21) ആണ് മരിച്ചത്. പഞ്ചാബിൽ നിന്നുള്ള വൻഷിക രണ്ടര വർഷത്തോളമായി കാനഡയിൽ പഠിക്കുകയായിരുന്നു. ഡിപ്ലോമ വിദ്യാർഥിയായ വൻഷികയെയാണ് ദുരൂഹ സാഹചര്യത്തിൽ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷൻ അറിയിച്ചു.എഎപി നേതാവും എംഎൽഎ കുൽജിത് സിംഗ് രൺധാവയുടെ അടുത്ത സഹായിയുമായ ദേവീന്ദർ സിങ്ങിന്റെ മകളായിരുന്നു വൻഷിക. പഞ്ചാബിലെ ദേര ബാസി സ്വദേശിയായ വൻഷിക, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നതിനായിട്ടാണ് കാനഡയിൽ എത്തിയത്.
ഏപ്രിൽ 25 ന് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം വൻഷികയെ കാണാതായതായി ഒട്ടാവയിലെ ഹിന്ദി കമ്മ്യൂണിറ്റി പൊലീസ് സർവീസിന് നൽകിയ പരാതിയിൽ പറയുന്നു. വൻഷികയുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് കുടുംബം ആശങ്കാകുലരായിരുന്നു. ‘ വൈകുന്നേരം 7ന് മജസ്റ്റിക് ഡ്രൈവിലെ തന്റെ വീട്ടിൽ നിന്ന് വാടക മുറി കാണാൻ പോയ ശേഷം ഏകദേശം ഒൻപത് മണിയോടെ വൻഷികയെ കാണാതായെന്നാണ് പരാതിയിൽ പറയുന്നത്. അന്ന് രാത്രി 11.40 ഓടെ വൻഷികയുടെ ഫോൺ സ്വിച്ച് ഓഫായി. നിരന്തരം ഫോൺ വിളിച്ചിട്ടും സ്വിച്ച് ഓഫ് ആണെന്ന വിവരം ലഭിച്ചതേടെ കുടുംബം ആശങ്കയിലായി. അടുത്ത ദിവസം നടന്ന പ്രധാന പരീക്ഷയ്ക്കും വൻഷിക ഹാജരായില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വൻഷികയെ ബന്ധപ്പെടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു’, കത്തിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയിട്ടുണ്ടെന്നും മൃതദേഹം തിരികെ കൊണ്ടുവരാൻ കുറച്ച് സമയമെടുക്കുമെന്നുമെന്നാണ് അധികൃതർ നൽകുന്ന വിവരം.






