ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിനു ശേഷം സംയമനം പാലിച്ച ഇന്ത്യയ്ക്കുനേരെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാനു ശക്തമായ തിരിച്ചടി. തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത ആക്രമണം തുടരുകയാണ്. പുലർച്ചെ ജമ്മുവിൽ പാക്ക് പ്രകോപനത്തെ തുടർന്ന് തുടർച്ചയായി അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ സമ്പൂർണ ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ച ഇന്ത്യ പാക്കിസ്ഥാന്റെ ഡ്രോണുകൾ തകർത്തു. ഉറിയിൽ പാക്ക് വെടിവയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നും ഒരാൾക്ക് ഗുരുതര പരുക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്. വിദേശകാര്യ മന്ത്രാലയം രാവിലെ വാർത്താസമ്മേളനം നടത്തും.






