ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലദേശിനെ 41 റൺസിന് തോൽപിച്ചു. ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 127 റൺസിന് പുറത്തായി. ഇന്ത്യ ജയിച്ചതോടെ ശ്രീലങ്ക ഏഷ്യ കപ്പിൽ നിന്ന് പുറത്തായി. അടുത്ത പാക്ക് – ബംഗ്ലദേശ് മൽസരത്തിലെ വിജയികളായിരിക്കും ഫൈനലിൽ ഇന്ത്യയുടെ ഏതിരാളിയാകുന്നത്. വ്യാഴാഴ്ചയാണ് പാകിസ്താൻ- ബംഗ്ലദേശ് മത്സരം. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും വരുൺ ചക്രവർത്തി ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റും നേടി.
ടോസ് നഷ്ട്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപണർ അഭിഷേക് ശർമയുടെ അർധ സെഞ്ച്വറി മികവിലാണ് പൊരുതാവുന്ന ടോട്ടൽ പടുത്തുയർത്തിയത്. 37 പന്തുകൾ നേരിട്ട താരം 6 ഫോറും 5 സിക്സുമടക്കം 75 റൺസാണ് അടിച്ചുക്കൂട്ടിയത്. 29 പന്തിൽ 38 എടുത്ത ഹർദിക്കും 29 റൺസ് നേടിയ ഗില്ലും അഭിഷേകിന് മികച്ച പിന്തുണ നൽകി. ആറ് വിക്കറ്റുകൾ നഷ്ട്ടമായിട്ടും ഇന്ത്യൻ നിരയിൽ സഞ്ജു സാംസണിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല.
ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന് ഓപ്പണർ തൻസീദ് ഹസൻ തമീമിനെ (3 പന്തിൽ 1) രണ്ടാം ഓവറിൽ തന്നെ നഷ്ടമായി. അർധസെഞ്ചറി നേടിയ ഓപ്പണർ സെയ്ഫ് ഹസൻ (51 പന്തിൽ 69) ആണ് ബംഗ്ലദേശിനായി പൊരുതിയത്. പർവേശ് ഹൊസൈൻ ഇമോനും (19 പന്തിൽ 21) ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും മാത്രമാണ് ബംഗ്ലദേശ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 42 റൺസ് നേടി. എന്നാൽ ഏഴാം ഓവറിൽ കുൽദീപിൻറെ പന്തിൽ ആ കൂട്ടുകെട്ടും പൊളിഞ്ഞു. 14 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 102 റൺസാണ് ബംഗ്ലാദേശെടുത്തത്. സെയ്ഫ് ഹസൻ പെർഫോമൻസ് തുടർന്നുവെങ്കിലും ലക്ഷ്യത്തിലേക്ക് അതുപോരായിരുന്നു. മാത്രമല്ല നാല് തവണയാണ് സെയ്‌ഫിന്റെ ക്യാച്ച് ഇന്ത്യൻ ഫീൽഡർമാർ ഡ്രോപ് ചെയ്തത്. ഒടുവിൽ 18–ാം ഓവറിൽ ബുമ്രയുടെ പന്തിൽ അക്ഷർ പട്ടേൽ സെയ്‌ഫിനെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
India in Asia Cup final






