ഇന്ത്യക്കാർ ഉൾപ്പെടെ കാനഡയിൽ താമസിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് പേപ്പർവർക്കുകളിലെ നീണ്ട കാലതാമസം കാരണം വർക്ക് പെർമിറ്റുകൾ നഷ്ടപ്പെടുന്നുവെന്നാണ് പരാതി. വർദ്ധിച്ചുവരുന്ന കുടിയേറ്റവും ജോലികളും നിയമങ്ങളിലെ മാറ്റങ്ങളും വർക്ക് പെർമിറ്റുകൾ നിയമപരമായി നിലനിർത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതായാണ് കണ്ടെത്തൽ. നികുതി അടച്ചിട്ടും, കാനഡയിലെ കുടിയേറ്റക്കാർക്ക് നിയമപരമായി ജോലി ചെയ്യാനോ നിയമപരമായ പദവി നഷ്ടപ്പെട്ടാൽ വൈദ്യ പരിചരണവും മറ്റ് സേവനങ്ങളും ആക്‌സസ് ചെയ്യാനോ കഴിയില്ല.
ഇത്തരത്തിൽ പെർമിറ്റ് നഷ്ടപ്പെട്ടവരിൽ ഉൾപ്പെടുന്ന ഒരാളാണ് ഇന്ത്യക്കാരിയായ ദേവി ആചാര്യ, 2022 ഒക്ടോബറിൽ ഭർത്താവിനും മകനുമൊപ്പമാണ് ദേവി ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയത്. മെഡിക്കൽ ബിൽ താങ്ങാൻ കഴിയാത്ത സാഹചര്യമായതിനാൽ തന്റെ കുഞ്ഞിനെ അബോഷൻ ചെയ്യേണ്ടിവന്ന ഗതിവരെ ഉണ്ടായെന്നാണ് ദേവി പറയുന്നത്. ജോലി ചെയ്യാൻ പെർമിറ്റ് ഇല്ലാത്തതിനാൽ ആരോഗ്യ പരിരക്ഷയും ദേവിക്ക് ലഭിച്ചില്ല. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ എന്റെ കുഞ്ഞിനെ രക്ഷിക്കാൻ സാധിക്കുമായിരുന്നെന്നാണ് ദേവി തേങ്ങിക്കൊണ്ട് പറഞ്ഞത്.
ബ്രിട്ടീഷ് കൊളംബിയയിലെ പ്രിൻസ് റൂപർട്ട്സ് ഹൈലൈനർ ഹോട്ടലിൽ ഹൗസ് കീപ്പിംഗിൽ ജോലി ചെയ്യുന്ന വ്യക്തിയായിരുന്ന ആചാര്യ, ജോലിയും ശമ്പളവും ലഭിച്ചതോടെ ഭർത്താവിനൊപ്പം ഒരു വീട് വാങ്ങി. സെപ്റ്റംബറിൽ അവർ പുതിയ ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്റുകൾക്കായി അപേക്ഷിച്ചെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ല. ഇതോടെ ആചാര്യയുടെയും വർക്ക് പെർമിറ്റുകൾ കാലഹരണപ്പെട്ടു. അവർ നിയമപരമായി കാനഡയിലാണ്, പക്ഷേ ജോലി ചെയ്യാൻ കഴിയില്ല. ഇപ്പോൾ അഞ്ച് വയസ്സുള്ള അവരുടെ മകൻ നവ്‌ദേവിന് സ്കൂളിൽ പോകാനും കഴിയില്ല. “രണ്ട് വർഷം മുമ്പ് കാനഡയെ ഞങ്ങളുടെ വീടാക്കിമാറ്റണമെന്ന് ഞങ്ങൾ സ്വപ്നം കണ്ടിരുന്നു, അതാണ് ഇപ്പോൾ തകർന്നുകൊണ്ടിരിക്കുന്നത്”, ആചാര്യ പറഞ്ഞു.
എന്താണ് കാനഡയുടെ കുടിയേറ്റ പ്രതിസന്ധി
ഭവനക്ഷാമവും വർദ്ധിച്ചുവരുന്ന വാടകയും കാരണം സേവനങ്ങളും വിഭവങ്ങളും പ്രതിസന്ധി നേരിടുന്നതിനാൽ കാനഡ കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള നീക്കത്തിലാണ്. ഒട്ടാവ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണ്. കാനഡയിൽ രേഖകളില്ലാതെ താമസിക്കുന്നത് ദുരിതപൂർണമാണ്, കാരണം സ്റ്റാറ്റസ് ഇല്ലാതെ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്.
കാനഡയിലെ ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കുന്നതനുസരിച്ചു, വർക്ക് പെർമിറ്റ് പുതുക്കാൻ അപേക്ഷിച്ചതിന് 60 ദിവസത്തിനുള്ളിൽ അവരുടെ സ്റ്റാറ്റസ് നിലനിർത്താൻ ആവശ്യമായ ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെന്റ് ലഭിക്കുന്നിടത്തോളം കാലം കുടിയേറ്റക്കാർക്ക് ജോലി തുടരാം. എന്നാൽ നീണ്ട കാത്തിരിപ്പ് കാരണം സ്റ്റാറ്റസ് നഷ്ടപ്പെട്ട ആളുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വകുപ്പിന് ഇല്ല.അപേക്ഷകളുടെ കുത്തൊഴുക്കാണ് കൂടുതൽ ദൈർഘ്യമേറിയ കാത്തിരിപ്പിന് കാരണമെന്ന് വകുപ്പ് പറയുന്നു, പക്ഷേ മാസാമാസം തീർപ്പുകൽപ്പിക്കാത്ത അപേക്ഷകളുടെ എണ്ണം
വകുപ്പ് നൽകുന്നില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രാജ്യത്തിനുള്ളിൽ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്, അതുപോലെ തന്നെ കാനഡ നിരസിക്കുന്ന അപേക്ഷകളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ടെന്ന് കാനഡയുടെ ഇമിഗ്രേഷൻ വകുപ്പിന്റെ ഡാറ്റ വ്യക്തമാക്കുന്നു.



