മോണ്ട്രിയൽ: ക്യുബെക്ക് സർക്കാർ പള്ളികളുടെ നവീകരണത്തിനുള്ള ധനസഹായം നിർത്തലാക്കിയതോടെ പ്രവിശ്യയിലെ നൂറുകണക്കിന് ആരാധനാലയങ്ങളുടെ ഭാവി പ്രതിസന്ധിയിൽ. വർധിച്ചുവരുന്ന അറ്റകുറ്റപ്പണി ചെലവുകളും വിശ്വാസികളുടെ എണ്ണത്തിലെ കുറവും കാരണം പല പള്ളികളും അടച്ചുപൂട്ടലിന്റെയോ വില്‍പ്പനയുടെയോ വക്കിലാണെന്ന് സാംസ്കാരിക പൈതൃക വിദഗ്ധർ റിപ്പോർട്ട് ചെയ്തു.
ക്യുബെക്ക് മതപൈതൃക കൗൺസിലിന്റെ കണക്കനുസരിച്ച് 2003-ന് ശേഷം പ്രവിശ്യയിലെ 35 ശതമാനം ആരാധനാലയങ്ങളും ഇതിനോടകം അടച്ചുപൂട്ടുകയോ മറ്റ് ആവശ്യങ്ങൾക്കായി മാറ്റുകയോ ചെയ്തിട്ടുണ്ട്. മുൻപ് പള്ളികൾ നവീകരിക്കാനും അവയെ ഹോട്ടലുകൾ, ജിമ്മുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയാക്കി മാറ്റാനും സർക്കാർ സാമ്പത്തിക സഹായം നൽകിയിരുന്നു. എന്നാൽ 2025 മാർച്ചിൽ കാലാവധി കഴിഞ്ഞ ഈ പദ്ധതികൾ പുതുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. മതേതരത്വ നയങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി പൈതൃക സംരക്ഷണ രീതികളിൽ മാറ്റം വരുത്താനാണ് സർക്കാരിന്റെ നീക്കം.
നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക ശേഷിയില്ലാത്ത ചെറുകിട പട്ടണങ്ങളിലെ പള്ളികളെയായിരിക്കും ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് മോണ്ട്രിയൽ സർവകലാശാലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗ്രാന്റുകൾ നിലച്ചതോടെ പല മതസമൂഹങ്ങളും തങ്ങളുടെ സ്വത്തുക്കൾ വിൽക്കാനോ പൊളിച്ചുനീക്കി ഫ്ലാറ്റുകൾ നിർമ്മിക്കാനോ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പൈതൃക സംരക്ഷണത്തിനായി സർക്കാർ പുതിയ സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും 2026 ഒക്ടോബറിൽ മാത്രമേ സമിതിയുടെ റിപ്പോർട്ട് പുറത്തുവരികയുള്ളൂ. അതുവരെ അടിയന്തര സാഹചര്യങ്ങളിൽ മാത്രം സഹായം നൽകാനാണ് അധികൃതരുടെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Hundreds of churches in Quebec face closure as funding cuts



