മോഹൻലാലിൻ്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ‘രാവണപ്രഭു’ 4K ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ റീ-റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 10-ന് ചിത്രം വീണ്ടും ബിഗ് സ്ക്രീനുകളിലേക്ക് എത്തുമ്പോൾ, റീ-റിലീസ് റെക്കോർഡുകൾ തകർക്കുമോ എന്ന ആകാംഷയിലാണ് സിനിമാ ലോകവും ആരാധകരും. ചിത്രത്തിൻ്റെ തിരിച്ചുവരവ് ആരാധകർ വമ്പൻ ആഘോഷമാക്കാൻ പദ്ധതിയിടുന്നുണ്ട്. രാവണപ്രഭുവിന് മുൻപ് റീ-റിലീസ് ചെയ്ത് വിജയിച്ച മോഹൻലാൽ ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകളാണ് ഇപ്പോൾ ചർച്ചാവിഷയം.
മോഹൻലാലിൻ്റേതായി മുൻപ് റീ-റിലീസ് ചെയ്ത നാല് ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ‘സ്‌ഫടികം’, ‘മണിച്ചിത്രത്താഴ്’, ‘ദേവദൂതൻ’, ‘ഛോട്ടാ മുംബൈ’ എന്നീ സിനിമകളാണ് ഇതിന് മുൻപ് രണ്ടാം വരവിൽ വമ്പൻ വിജയം നേടിയത്. ഈ കളക്ഷൻ നേട്ടങ്ങളെയാണ് രാവണപ്രഭുവിന് മറികടക്കേണ്ടത്. പഴയ തറികൾ കത്തിച്ച്, ചരിത്രം തിരുത്തിക്കുറിക്കാൻ രാവണപ്രഭുവിന്റെ രണ്ടാം വരവിനായി സിനിമാലോകം ശ്വാസമടക്കി കാത്തിരിക്കുന്നു.
ഭദ്രൻ സംവിധാനം ചെയ്ത ‘സ്‌ഫടികം’ പുത്തൻ സാങ്കേതിക വിദ്യകളോടെ തിരിച്ചെത്തിയപ്പോൾ, റീ-റിലീസിൽ ആദ്യ ദിനം 77 ലക്ഷം രൂപ നേടിയിരുന്നു. റീ-റിലീസിൽ തിയേറ്ററിൽ നിന്ന് ഏകദേശം 4 കോടി രൂപയോളമാണ് ചിത്രം ആകെ വാരിക്കൂട്ടിയത്. റീ-റിലീസ് ഓപ്പണിംഗ് കളക്ഷനിൽ നിലവിൽ സ്‌ഫടികമാണ് മുന്നിൽ. ആദ്യ റിലീസിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയും പിന്നീട് പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്ത സിബി മലയിൽ സംവിധാനം ചെയ്ത ‘ദേവദൂതൻ’, രണ്ടാം വരവിൽ ഗംഭീര അഭിപ്രായമാണ് നേടിയത്. ആദ്യ ദിനം 50 ലക്ഷം നേടിയ സിനിമയുടെ ആഗോള റീ-റിലീസ് ഫൈനൽ കളക്ഷൻ 5.4 കോടിയാണ്. ശബ്ദ മിശ്രണം മെച്ചപ്പെടുത്തി, 34 മിനിറ്റോളം ചുരുക്കിയാണ് ചിത്രം പുതിയ രൂപത്തിൽ പുറത്തിറങ്ങിയത്.
ഫാസിലിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മണിച്ചിത്രത്താഴ്’ 2024 ഓഗസ്റ്റ് 17-നാണ് റീ-റിലീസ് ചെയ്തത്. ആദ്യ ദിനം ഈ ചിത്രവും 50 ലക്ഷം സ്വന്തമാക്കി. സിനിമയുടെ ഫൈനൽ റീ-റിലീസ് കളക്ഷൻ 4.71 കോടിയാണ്. അതേസമയം, റീ-റിലീസിൽ ആദ്യ ദിനം മുതൽ മികച്ച കളക്ഷൻ നേടിയ സിനിമയാണ് ‘ഛോട്ടാ മുംബൈ’. ആദ്യ ദിവസം 40 ലക്ഷം നേടിയ ഈ സിനിമയുടെ ഫൈനൽ റീ-റിലീസ് നേട്ടം 3.78 കോടിയാണ്. ഈ കണക്കുകൾ മറികടന്ന് റീ-റിലീസ് റെക്കോർഡ് നേടാൻ രാവണപ്രഭുവിന് സാധിക്കുമോ എന്നാണ് സിനിമാ പ്രേമികൾ ഉറ്റുനോക്കുന്നത്. മാറ്റൊരു ചരിത്ര പിറവിക്ക് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുന്ന ചലച്ചിത്ര ലോകം രാവണപ്രഭുവിൻ്റെ ആദ്യ ദിന ഓപ്പണിംഗ് കളക്ഷൻ അറിയാനുള്ള കാത്തിരിപ്പിലാണ്.






