ഓട്ടവ: കാനഡയിൽ വാഹന മോഷണം ദിനം പ്രതി ഉയരുന്നതിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ മോഷണം പോയ കാറുകളുടെ റിപ്പോർട്ട് പുറത്തുവന്നു. പ്രമുഖ വാഹന ബ്രാൻഡായ ഹോണ്ടയുടെ ‘സിആർ-വി’ (Honda CR-V) മോഡലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മോഷണം പോയത്. ഇൻഷുറൻസ് കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രവർത്തിക്കുന്ന നോൺ-പ്രോഫിറ്റ് സംഘടനയായ ഇക്വിറ്റി അസോസിയേഷനാണ് ഈ റിപ്പോർട്ട് പുറത്തിറക്കിയത്.
റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം കാനഡയിലൊട്ടാകെ 2,137 ഹോണ്ട സിആർ-വി കാറുകളാണ് മോഷണം പോയത്. ഇതിൽ 1,598 എണ്ണവും ഒന്റാരിയോയിൽ നിന്നാണ് മോഷ്ടിക്കപ്പെട്ടത്. ഒന്റാരിയോയിൽ ഏറ്റവും കൂടുതൽ മോഷണം പോയ വാഹനവും ഇതുതന്നെയാണ്. മുൻവർഷങ്ങളിലും കാനഡയിൽ ഏറ്റവും കൂടുതൽ കവർച്ച ചെയ്യപ്പെട്ട വാഹനങ്ങളിൽ മുൻപന്തിയിൽ സിആർ-വി ഉണ്ടായിരുന്നു. രാജ്യത്ത് ഇൻഷുർ ചെയ്ത 5,50,586 സിആർ-വി കാറുകളിൽ നിന്നാണ് ഈ കണക്കുകൾ കിട്ടിയത്.
ഹോണ്ട സിവിക്, ടൊയോട്ട ആർഎവി4 എന്നിവയാണ് രാജ്യവ്യാപകമായി കവർച്ച ചെയ്യപ്പെട്ട വാഹനങ്ങളുടെ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ക്യുബെക്കിൽ 487 ഹോണ്ട സിവിക് കാറുകളാണ് മോഷണം പോയത്. ആൽബെർട്ടയിൽ റാം 1500 സീരീസ് ട്രക്കുകളും , അറ്റ്ലാന്റിക് മേഖലയിൽ ഷെവർലെ/ജിഎംസി സിൽവറാഡോ/സിയെറ 1500 സീരീസുകളുമാണ് ഏറ്റവും കൂടുതൽ കവർച്ച ചെയ്യപ്പെട്ടത്.
രാജ്യത്ത് പ്രതിവർഷം 900 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് വാഹന മോഷണം മൂലം ഉണ്ടാകുന്നത്. സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കാനും മോട്ടോർ വാഹന സുരക്ഷാ ചട്ടങ്ങൾ പുതുക്കാനും ട്രാൻസ്പോർട്ട് കാനഡയുമായി ചേർന്നുള്ള പ്രതിരോധ നടപടികൾ അത്യാവശ്യമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം, പ്രതിരോധ നടപടികളുടെ ഫലമായി മുൻവർഷത്തെ (2024) അപേക്ഷിച്ച് രാജ്യത്തെ മൊത്തം വാഹന മോഷണത്തിൽ 18 ശതമാനം കുറവുണ്ടായിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. വാഹനം വാങ്ങുമ്പോൾ ആന്റി-തെഫ്റ്റ് സുരക്ഷാ സാങ്കേതികവിദ്യകൾ ഓപ്ഷണൽ ആഡ്-ഓൺ ആയി നൽകാതെ, നിർബന്ധമായും വാഹനങ്ങളിൽ ഉൾപ്പെടുത്തി നൽകണമെന്നാണ് 72 ശതമാനം കനേഡിയന്മാരും ആഗ്രഹിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





