വിന്നിപെഗ്: ഫെഡറൽ ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷം മാനിറ്റോബയിലാണ് ഏറ്റവും കൂടുതൽ എച്ച്.ഐ.വി. രോഗനിർണയ കേസുകൾ റിപ്പോർട്ട് ചെയ്തത്. 2024-ൽ, ക്യുബെക്ക് ഒഴികെയുള്ള കാനഡയിൽ 100,000 ആളുകളിൽ 19.5 പേർക്ക് എച്ച്.ഐ.വി. ബാധിച്ചിരുന്നു. ഇതിൽ മാനിറ്റോബ ആയിരുന്നു മുന്നിൽ. 291 പേർക്കാണ് കഴിഞ്ഞ വർഷം ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് 2019-ൽ രേഖപ്പെടുത്തിയ 90 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിരട്ടിയിലധികം വർദ്ധനവാണ് സൂചിപ്പിക്കുന്നത്. ഈ പ്രവണത തുടർന്നാൽ, 2028 ആകുമ്പോഴേക്കും വാർഷിക അണുബാധ നിരക്ക് 1,080 ആയി ഉയരുമെന്ന് മാനിറ്റോബ എച്ച്.ഐ.വി. പ്രോഗ്രാം റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
മാനിറ്റോബയിലെ അണുബാധ ഉണ്ടാകാൻ ഉള്ള പ്രധാന കാരണം രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. കാനഡയുടെ മറ്റ് ഭാഗങ്ങളിൽ പുരുഷന്മാർ തമ്മിലുള്ള ലൈംഗിക ബന്ധമാണ് പ്രധാന കാരണമായി കണക്കാക്കുന്നതെങ്കിൽ, മാനിറ്റോബയിൽ 2019 മുതൽ എച്ച്.ഐ.വി. അണുബാധയ്ക്ക് പ്രധാന കാരണം ഇഞ്ചക്ഷൻ മയക്കുമരുന്ന് ഉപയോഗമാണ് (Injection drug use). ലൈംഗികമായി പകരുന്ന മറ്റ് രോഗങ്ങളുടെ ചരിത്രം, ഭവനപ്രശ്നങ്ങൾ, ജയിൽവാസം എന്നിവയും രോഗവ്യാപനത്തിന്റെ പ്രധാന അപകട ഘടകങ്ങളാണ്. പ്രാദേശികമായി നോക്കുമ്പോൾ, വിന്നിപെഗ് ഹെൽത്ത് റീജിയണിലാണ് ഏറ്റവും കൂടുതൽ അണുബാധകൾ റിപ്പോർട്ട് ചെയ്തതെങ്കിലും, പ്രയറി മൗണ്ടൻ ഹെൽത്ത് റീജിയണിലാണ് ഏറ്റവും ഉയർന്ന നിരക്ക് (ഒരു ലക്ഷം പേരിൽ 26.4).
എച്ച്.ഐ.വി. നിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ ശക്തമായ പ്രതിരോധം, ചികിത്സ, പരിശോധന സംരംഭങ്ങൾ എന്നിവ നടപ്പാക്കണം. കൂടാതെ ഈ വിഷയത്തിൽ സേവനങ്ങളിലെ വിടവുകൾ കണ്ടെത്താനും ഗുണമേന്മയുള്ള കമ്മ്യൂണിറ്റി അധിഷ്ഠിത പരിചരണം ഉറപ്പാക്കാനും വേണ്ടി ഒരു പ്രവിശ്യാതല നിരീക്ഷണ, മൂല്യനിർണ്ണയ സംവിധാനം ഉടൻ സ്ഥാപിക്കണമെന്ന് വിദഗ്ധരുടെ റിപ്പോർട്ട് പറയുന്നുണ്ട്.
അണുബാധ നിരക്കുകളിൽ തദ്ദേശീയരായ ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ അമിതമായി ഉൾപ്പെടുന്നത് വലിയ ആശങ്കയുളവാക്കുന്നു. 2018-നും 2021-നും ഇടയിൽ എച്ച്.ഐ.വി. പ്രോഗ്രാമിൽ റഫർ ചെയ്യപ്പെട്ട സ്ത്രീകളിൽ 85% പേരും തദ്ദേശീയ വിഭാഗത്തിൽപ്പെട്ടവരായിരുന്നു. ഇത് സേവനങ്ങളിലെ ഇന്റെൻഷണൽ ഗാപ് ആണെന്ന് സോഷ്യൽ വർക്കർ താര ക്രിസ്റ്റ്യൻസൺ അഭിപ്രായപ്പെട്ടു. രോഗവ്യാപനം നിയന്ത്രിക്കണമെങ്കിൽ ഈ വിഭാഗത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പരിഹാരം കണ്ടെത്തേണ്ടതുണ്ട്.
അടിസ്ഥാനപരമായ സാമൂഹിക ആവശ്യങ്ങൾ നിറവേറ്റേണ്ടതിന്റെ പ്രാധാന്യം മെലിസ മോറിസ് എന്ന തദ്ദേശീയ എച്ച്.ഐ.വി. സപ്പോർട്ട് വർക്കർ ഊന്നിപ്പറഞ്ഞു. നമ്മൾ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ തുടങ്ങിയില്ലെങ്കിൽ, നമ്മുടെ എണ്ണം അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ മൂന്നിരട്ടിയാകും, അവർ പറഞ്ഞു. എച്ച്.ഐ.വി. ബാധിതർക്ക് ഭവനം, ഭക്ഷണ സുരക്ഷ, വൈകാരിക പിന്തുണ തുടങ്ങിയ അടിസ്ഥാനപരമായ ആവശ്യങ്ങൾ ഉറപ്പാക്കുകയും, കമ്മ്യൂണിറ്റി അധിഷ്ഠിതമായ പിയർ സപ്പോർട്ട് പ്രോഗ്രാമുകൾ വർദ്ധിപ്പിക്കുകയും ചെയ്താൽ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്നും അവർ അഭിപ്രായപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






