ഒട്ടാവ: ഒട്ടാവയിലും കിഴക്കൻ ഒന്റാറിയോയിലും കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായി എൻവയോൺമെന്റ് കാനഡ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ (12 മണി മുതൽ 12 മണി വരെ) പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഒട്ടാവ മേഖലയിൽ 15 മുതൽ 25 മില്ലീമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ഞായറാഴ്ച ദിവസം മുഴുവനും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കൂടാതെ, 60 മുതൽ 70 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.
റിഡോ വാലി കൺസർവേഷൻ അതോറിറ്റി (RVCA) ജല സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നറിയിപ്പിൽ ശക്തമായ ജലപ്രവാഹം, അസ്ഥിരമായ നദീതീരങ്ങൾ, ഉരുകുന്ന മഞ്ഞ് എന്നിവയെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
RVCA ഉം മറ്റ് സർക്കാർ ഏജൻസികളും കാലാവസ്ഥാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.
ഈ കാലാവസ്ഥാ മുന്നറിയിപ്പുകൾ കണക്കിലെടുത്ത്, പ്രദേശവാസികൾ അവശ്യ യാത്രകൾ മാത്രം നടത്തുന്നതാണ് ഉചിതമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. കൂടാതെ, നദീതീരങ്ങളിൽ നിന്നും മറ്റ് അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും അകന്നുനിൽക്കുന്നതാണ് ഉത്തമം. അടിയന്തിര സാഹചര്യങ്ങളിൽ 911 ലേക്ക് വിളിക്കാനും അധികാരികൾ നിർദേശിച്ചിട്ടുണ്ട്.






