എഡ്മന്റൺ: ആൽബർട്ട പ്രവിശ്യയുടെ വടക്കൻ ഭാഗത്തുള്ള ഫാൽഹർ, ഗിറൂവിൽ മേഖലകളിൽ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം രേഖപ്പെടുത്തി. ആയിരത്തോളം ആളുകൾ താമസിക്കുന്ന ഫാൽഹർ നഗരത്തിന്റെ വടക്കുഭാഗത്താണ് ചുഴലിക്കാറ്റ് ആദ്യം വീശിയടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറ്റിനെത്തുടർന്ന് ഫാൽഹറിന് സമീപമുള്ള ഗിറൂവിൽ ഗ്രാമത്തിൽ പൂർണ്ണമായും വൈദ്യുതി ബന്ധം തകരാറിലായി. തകർന്ന ലൈനുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് വൈദ്യുതി വിതരണ കമ്പനിയായ ‘ATCO’ അറിയിച്ചു. പ്രദേശത്തെ എം.എൽ.എയും മന്ത്രിയുമായ ടോഡ് ലോവൻ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കാനഡ പരിസ്ഥിതി-കാലാവസ്ഥാ വകുപ്പും (ECCC) നോർത്തേൺ ടോർണാഡോസ് പ്രൊജക്റ്റും പീസ് റിവർ മേഖലയിലുണ്ടായ ചുഴലിക്കാറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ടോർണാഡോയുടെ കൃത്യമായ ശക്തിയോ ഇത് ഏതൊക്കെ സ്ഥലങ്ങളിലാണ് കൂടുതൽ ബാധിച്ചതെന്നോ ചൊവ്വാഴ്ച രാവിലെ വരെ അധികൃതർ ഔദ്യോഗികമായി കണക്കാക്കിയിട്ടില്ല. ദുരന്തത്തിന്റെ ആഘാതവും നാശനഷ്ടങ്ങളും കൃത്യമായി വിലയിരുത്തുന്നതിനായി വിദഗ്ധ സംഘത്തെ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് അയക്കുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തലസ്ഥാനമായ എഡ്മന്റണിൽ നിന്നും 400 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശങ്ങളിൽ നിലവിൽ രക്ഷാപ്രവർത്തനങ്ങളും അവശിഷ്ടങ്ങൾ നീക്കാനുള്ള ജോലികളും പുരോഗമിക്കുകയാണ്.
പീസ് റിവർ മേഖലയിൽ സാധാരണ മഴയായിട്ടാണ് പ്രതിഭാസം ആരംഭിച്ചതെങ്കിലും പിന്നീട് ഇത് ‘സൂപ്പർസെൽ’ എന്ന ശക്തമായ കൊടുങ്കാറ്റായി മാറുകയായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഈ കൊടുങ്കാറ്റ് പിന്നീട് തെക്കുകിഴക്കൻ ദിശയിലുള്ള ഹൈ പ്രയറി ഭാഗത്തേക്ക് നീങ്ങി. തിങ്കളാഴ്ച രാത്രി 9.30 ഓടെ ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പ് അധികൃതർ നൽകിയിരുന്നെങ്കിലും, ടോർണാഡോ ഉണ്ടാകുമെന്ന പ്രവചനം മുൻകൂട്ടി നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. പ്രദേശത്തെ നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കിവരുന്നതേയുള്ളൂവെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Tornado hits northern Alberta; heavy damage in Falher and Giruville, residents concerned










