ഒട്ടാവ: നീണ്ട കാത്തിരിപ്പും ജീവനക്കാരുടെ കുറവും കാരണം കാനഡയിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി പുതിയ സർവേ റിപ്പോർട്ട്. രാജ്യത്തെ പത്തിൽ ഒൻപത് പേരും (91%) ആരോഗ്യസംവിധാനത്തിൽ അടിയന്തരവും സമഗ്രവുമായ മാറ്റങ്ങൾ ആവശ്യപ്പെടുന്നതായി ‘സാന്റിസ് ഹെൽത്തി’നു വേണ്ടി ‘നാനോസ് റിസർച്ച്’ നടത്തിയ സർവേ വ്യക്തമാക്കുന്നു. 2026 മെയ് മാസത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, പകുതിയിലധികം പേരും (55%) നിലവിലെ ആരോഗ്യസംവിധാനം തെറ്റായ ദിശയിലാണ് പോകുന്നതെന്ന് അഭിപ്രായപ്പെട്ടപ്പോൾ, 70 ശതമാനം ജനങ്ങൾ കടുത്ത നിരാശയും ആശങ്കയും രേഖപ്പെടുത്തി. വെറും 14 ശതമാനം പേർ മാത്രമാണ് രാജ്യത്തെ ആരോഗ്യസംവിധാനം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് വിശ്വസിക്കുന്നത്.
ആശുപത്രികളിലെ നീണ്ട കാത്തിരിപ്പാണ് നിലവിലെ ഏറ്റവും വലിയ വെല്ലുവിളിയായി കൂടുതൽ പേരും (26%) ചൂണ്ടിക്കാട്ടുന്നത്. സേവനങ്ങൾ കൃത്യസമയത്ത് ലഭിക്കാത്തതും (12.1%), ആവശ്യത്തിന് ജീവനക്കാരില്ലാത്തതും (11.5%) മറ്റ് പ്രധാന പ്രശ്നങ്ങളായി സർവേയിൽ പങ്കെടുത്തവർ പറയുന്നു. ഇതിന് പരിഹാരമായി വെർച്വൽ കെയർ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് ആരോഗ്യസേവനങ്ങൾ നവീകരിക്കണമെന്ന് 81 ശതമാനം പേർ ആവശ്യപ്പെടുന്നു. ജനങ്ങളുടെ ഈ പ്രതികരണം ഭരണകൂടങ്ങൾക്കും തീരുമാനമെടുക്കുന്നവർക്കുമുള്ള വ്യക്തമായ മുന്നറിയിപ്പാണെന്നും, ആരോഗ്യ മേഖലയിൽ വേഗത്തിൽ നവീകരണങ്ങൾ നടപ്പാക്കാൻ സർക്കാരുകൾക്ക് വലിയ ബാധ്യതയുണ്ടെന്നും സാന്റിസ് ഹെൽത്ത് മാനേജിംഗ് പാർട്ണർ പാട്രിക് നെൽസൺ വ്യക്തമാക്കി.
പൊതുമേഖലാ ഫണ്ടിംഗ് വർദ്ധിപ്പിക്കുക (9.3%), സ്വകാര്യ ആരോഗ്യസേവന സാധ്യതകൾ വിപുലീകരിക്കുക (7.5%), ഭരണപരമായ സങ്കീർണ്ണതകൾ ഒഴിവാക്കുക (7%) തുടങ്ങിയ നിർദ്ദേശങ്ങളും സർവേയിൽ ഉയർന്നുവന്നിട്ടുണ്ട്. ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിനായി 2023-ൽ അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രവിശ്യകൾക്കായി രണ്ട് ബില്യൺ ഡോളറിന്റെ അധിക ഫണ്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ ആശങ്കകൾ തുടരുകയാണെന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2026 മെയ് 3 മുതൽ 6 വരെ കാനഡയിലുടനീളമുള്ള 18 വയസ്സിന് മുകളിലുള്ള 1,003 പേരിൽ ഓൺലൈൻ, ടെലിഫോൺ വഴിയാണ് ഈ സർവേ നടത്തിയത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Healthcare services are not good enough, changes must come'; 91% of citizens demand urgent reforms in Canada





