ഒന്റാറിയോ: കാസെച്വാൻ ഫസ്റ്റ് നേഷൻ മേഖലയിലെ കുടിവെള്ള വിതരണ ശൃംഖലയിൽ മാരകമായ പാരസൈറ്റിനെ കണ്ടെത്തിയതിനെ തുടർന്ന് ഇവിടത്തെ ആരോഗ്യപ്രവർത്തകരെ അടിയന്തരമായി ഒഴിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇൻഡിജിനസ് സർവീസസ് കാനഡ. ജലശുദ്ധീകരണ പ്ലാന്റിലെ തകരാറുകൾ മൂലം കുടിവെള്ളത്തിൽ ‘ക്രിപ്‌റ്റോസ്പോറിഡിയം’ എന്ന പാരസൈറ്റ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രദേശത്തെ നഴ്‌സുമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്.
നിലവിൽ 2,300 ഓളം ജനസംഖ്യയുള്ള ഈ ദൂരപ്രദേശത്ത് ഏകദേശം 370 പേർ മാത്രമാണ് ഇപ്പോൾ താമസിക്കുന്നത്. ആരോഗ്യപ്രവർത്തകർ കൂടി മടങ്ങുന്നതോടെ പ്രദേശത്തെ ക്ലിനിക്കുകൾ പൂർണ്ണമായും ശൂന്യമാകും. ഇവർക്കായി ഫോർട്ട് ആൽബനിയിലെ ആശുപത്രിയിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മഞ്ഞുമൂടിയ റോഡിലൂടെ ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്താൽ മാത്രമേ ഈ ആശുപത്രിയിൽ എത്താൻ സാധിക്കൂ. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മേഖലയിൽ തുടരുന്നവർക്കായി വെർച്വൽ ചികിത്സാ സൗകര്യങ്ങളും എയർ ആംബുലൻസ് സേവനങ്ങളും ഉറപ്പാക്കാൻ ഒന്റാറിയോ ആരോഗ്യ മന്ത്രാലയവും മറ്റ് ഏജൻസികളും സംയുക്തമായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
ജനുവരി പകുതിയോടെ ജലശുദ്ധീകരണ പ്ലാന്റിലെ പമ്പുകൾ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണമായത്. മലിനജലം കുടിവെള്ളത്തിൽ കലർന്നതിനെ തുടർന്ന് ഇതുവരെ അറുപതിലധികം പേർക്ക് പാരസൈറ്റ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണഗതിയിൽ ഒരാഴ്ച കൊണ്ട് ഭേദമാകുന്ന അസുഖമാണെങ്കിലും കുട്ടികളിലും പ്രായമായവരിലും ഇത് ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശുദ്ധീകരണ പ്ലാന്റിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും ജനങ്ങൾക്ക് സുരക്ഷിതമായി മടങ്ങിയെത്താൻ ഇനിയും സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Parasite presence in drinking water: Health workers evacuated from Kasechwan First Nation region



