ഒട്ടാവ: പ്രമേഹ ചികിത്സയ്ക്കും അമിതഭാരം കുറയ്ക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്ന സെമാഗ്ലൂട്ടൈഡ് മരുന്നുകൾക്കെതിരെ മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ. ഇവയുടെ വ്യാജ പതിപ്പുകൾ വിപണിയിലുണ്ടെന്നും ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഹെൽത്ത് കാനഡ അറിയിച്ചു. ഒസെമ്പിക് (Ozempic), റൈബെൽസസ് (Rybelsus), വെഗോവി (Wegovy) തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളെ അനുകരിച്ച് നിർമ്മിച്ച അംഗീകാരമില്ലാത്ത ഉൽപ്പന്നങ്ങൾക്കെതിരെയാണ് ഔദ്യോഗിക റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ബുധനാഴ്ച പുറത്തിറക്കിയ പൊതുഅറിയിപ്പിൽ, ഇത്തരം വ്യാജ മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം അണുബാധകൾ, അലർജി, മലിനീകരണം തുടങ്ങിയ ഗുരുതരമായ ദോഷഫലങ്ങൾ ഉണ്ടാകാമെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ നിർമ്മിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങളിൽ ഹെവി മെറ്റലുകൾ, ബാക്ടീരിയ, ഫംഗസ്, പ്ലാസ്റ്റിക് കണികകൾ എന്നിവ അടങ്ങാൻ സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. തെറ്റായ ലേബലുകൾ പതിച്ചും മോശം നിർമ്മാണ നിലവാരത്തിലുമാണ് ഇവ വിപണിയിലെത്തുന്നത്.
ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സാർത്ഥം വികസിപ്പിച്ച ഈ മരുന്നുകൾ അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് അറിഞ്ഞതോടെ ആവശ്യക്കാർ ഏറിയതാണ് വ്യാജന്മാരുടെ കടന്നുകയറ്റത്തിന് കാരണമായത്. നിലവിൽ ഈ മരുന്നുകളുടെ ഉയർന്ന വില ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്. എന്നാൽ സെമാഗ്ലൂട്ടൈഡ് ഉപയോഗിച്ചുള്ള എട്ട് ജനറിക് മരുന്നുകളുടെ അപേക്ഷകൾ ഹെൽത്ത് കാനഡയുടെ പരിഗണനയിലാണെന്നും ഇവ വിപണിയിലെത്തുന്നതോടെ മരുന്നുകളുടെ വില നിലവിലുള്ളതിനേക്കാൾ 35 ശതമാനത്തോളം കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചില വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പരസ്യങ്ങളും ഹെൽത്ത് കാനഡയുടെ ലോഗോ ദുരുപയോഗം ചെയ്ത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ ഉപയോഗിക്കുന്ന മരുന്നിന് ഔദ്യോഗിക അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രമേ മരുന്നുകൾ തിരഞ്ഞെടുക്കാവൂ എന്നും ഹെൽത്ത് കാനഡ ജനങ്ങളോട് നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Health Canada warns against fake medicines



