ഒട്ടാവ: ഒട്ടാവ-ഗാറ്റിനോ മേഖലയിൽ ഈ വർഷത്തെ ശരത്കാല നിറങ്ങൾ കാണാനുള്ള കാലാവസ്ഥ “ഏറ്റവും മികച്ചതായിരിക്കുമെന്ന്” എൻവയോൺമെന്റ് കാനഡ. എന്നാൽ, വേനൽക്കാലത്തെ കടുത്ത ചൂടും വരണ്ട കാലാവസ്ഥയും കാരണം മരങ്ങളിൽ നിറമുള്ള ഇലകൾ കുറവായിരിക്കാൻ സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡയിലെ മുതിർന്ന കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡേവിഡ് ഫിലിപ്‌സ് മുന്നറിയിപ്പ് നൽകുന്നു.
തണുത്ത കാലാവസ്ഥ ആരംഭിച്ചതോടെ തലസ്ഥാന മേഖലയിലെ മരങ്ങളിൽ ഇലകൾക്ക് നിറം വന്നുതുടങ്ങിയിട്ടുണ്ട്. “ഈ വരുന്ന ദിവസങ്ങളിലെ കാലാവസ്ഥ കാഴ്ചകൾക്ക് വളരെ അനുയോജ്യമായിരിക്കും. ചൂടുള്ളതും, വെയിലുള്ളതുമായ പകലും നല്ല തണുപ്പുള്ള രാത്രികളും ഈ നിറംമാറ്റത്തിന് സഹായിക്കും. കഴിഞ്ഞ വർഷത്തേതുപോലെ മരങ്ങൾ നിറയെ നിറമുള്ള ഇലകൾ ഉണ്ടാകില്ലായിരിക്കാം, പക്ഷെ കാഴ്ചകൾ മനോഹരമായിരിക്കും,” ഫിലിപ്‌സ് പറഞ്ഞു.
ശരത്കാല ഇലകളുടെ നിറങ്ങൾ നിർണ്ണയിക്കുന്നതിൽ വേനൽക്കാലത്തെയും ശരത്കാലത്തെയും കാലാവസ്ഥ പ്രധാനമാണെന്ന് ഫിലിപ്‌സ് പറയുന്നു. വേനൽക്കാലത്ത് ആവശ്യത്തിന് മഴ ലഭിക്കാത്തത് ഇലകൾ ചുരുണ്ട് ബ്രൗൺ നിറമാകാൻ കാരണമായി. കഴിഞ്ഞ വർഷം ഈ കാലയളവിൽ 400 മില്ലിമീറ്ററിൽ അധികം മഴ ലഭിച്ചപ്പോൾ ഈ വർഷം 160 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം മഴ കൂടുതലായിരുന്നെങ്കിൽ ഈ വർഷം വരൾച്ചയായിരുന്നു.
നല്ല തെളിഞ്ഞ നീലാകാശവും വെളുത്ത മേഘങ്ങളും ഈ മനോഹരമായ കാഴ്ചയ്ക്ക് കൂടുതൽ ഭംഗി നൽകുമെന്ന് ഫിലിപ്‌സ് കൂട്ടിച്ചേർത്തു. ഒക്ടോബർ ആദ്യവാരം വരുന്ന താങ്ക്‌സ്ഗിവിങ് വാരാന്ത്യം ഈ കാഴ്ചകൾ കാണാൻ ഏറ്റവും അനുയോജ്യമായ സമയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്റാറിയോ പാർക്ക്‌സിന്റെ കണക്കനുസരിച്ച്, ഫ്രോണ്ടെനാക്, ഷാർബോട്ട് ലേക്ക്, ചാൾസ്റ്റൺ ലേക്ക് എന്നിവിടങ്ങളിൽ ഇലകൾക്ക് നിറം വന്നുതുടങ്ങിയിട്ടുണ്ട്. ഗാറ്റിനോ പാർക്കിലും, ഗ്രീൻബെൽറ്റിലും, ഡൗൺടൗൺ ഒട്ടാവയിലും ഇലകൾക്ക് ഇപ്പോഴും പച്ചനിറമാണുള്ളതെന്ന് നാഷണൽ ക്യാപിറ്റൽ കമ്മീഷൻ അറിയിച്ചു.
ശരത്കാല കാഴ്ചകൾ കാണാൻ അനുയോജ്യമായ ചില സ്ഥലങ്ങൾ താഴെ നൽകുന്നു:
ഗാറ്റിനോ പാർക്ക്: ഹൈക്കിങ് പാതകളിലും നടപ്പാതകളിലും മനോഹരമായ കാഴ്ചകൾ കാണാം.
കിവാക്കി പോയിന്റ്: പാർലമെന്റ് ഹില്ലിനും ഗാറ്റിനോയ്ക്കും അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം കാഴ്ചകൾ കാണാൻ മികച്ചതാണ്.
ഡൗൺടൗൺ ഒട്ടാവ: മേജർസ് ഹിൽ പാർക്ക്, കോൺഫെഡറേഷൻ പാർക്ക്, റിഡ്യൂ കനാൽ എന്നിവിടങ്ങളിൽ ഇലകൾക്ക് നിറം വന്നുതുടങ്ങി.
ഗ്രീൻബെൽറ്റ്: മെർ ബ്ലൂ, ഗ്രീൻസ് ക്രീക്ക്, പൈൻ ഗ്രോവ്, ഷെർലീസ് ബേ, സ്റ്റോണി സ്വാമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ കാഴ്ചകൾ ആസ്വദിക്കാം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82






