തിരുവനന്തപുരം: ആഗോളതലത്തിൽ ശ്രദ്ധേയനായ മലയാളി റാപ്പർ ഹനുമാൻകൈൻഡ് (സൂരജ് ചെറുകാട്), കനേഡിയൻ ഫാഷൻ ഇൻഫ്ലുവൻസറുടെ ചോദ്യത്തിന് നൽകിയ മറുപടി യാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മീഡിയ ഏജൻസിയായ ‘ആർക്കേഞ്ജൽ ക്രിയേറ്റീവ്’ പ്രതിനിധി വിക്ടോറിയ റൗളിങ്‌സ് ഒരു ക്ലോത്തിങ് ഷോപ്പിൽ വെച്ച് നടത്തിയ ലഘു അഭിമുഖത്തിലാണ് മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പേരുകൾ റാപ്പർ പരാമർശിച്ചത്. തന്റെ ഫാഷൻ ശൈലിയെ സ്വാധീനിച്ചവരെക്കുറിച്ചുള്ള ചോദ്യത്തിനാണ് താരം ഈ മറുപടി നൽകിയത്.’
അഭിമുഖത്തിനിടെ ‘നിങ്ങളുടെ സ്റ്റൈൽ ഐക്കണുകൾ ആരൊക്കെയാണ്’ എന്ന് വിക്ടോറിയ റൗളിങ്‌സ് ചോദിച്ചപ്പോഴാണ്, ‘നിങ്ങൾ മമ്മൂട്ടി എന്നോ മോഹൻലാൽ എന്നോ കേട്ടിട്ടുണ്ടോ’ എന്ന് ഹനുമാൻകൈൻഡ് തിരിച്ചു ചോദിച്ചത്. ഇല്ല എന്നായിരുന്നു ഇൻഫ്ലുവൻസറുടെ മറുപടി. തുടർന്ന് താൻ വളർന്ന പശ്ചാത്തലത്തെക്കുറിച്ചും അമേരിക്കയിലെ ഹൂസ്റ്റൺ ജീവിതം തന്റെ സംഗീത ശൈലിയെയും ഫാഷനെയും എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്നും അദ്ദേഹം അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. എങ്കിലും ആഗോള വേദിയിൽ കേരളത്തിലെ രണ്ട് മുതിർന്ന നടന്മാരുടെ പേരുകൾ ആദ്യമേ പറഞ്ഞതാണ് നിലവിൽ വിഡിയോ ശ്രദ്ധേയമാകാൻ കാരണം.
‘ബിഗ് ഡാവ്സ്’ എന്ന ഹിറ്റ് ഗാനത്തിലൂടെ ആഗോള സംഗീത ചാർട്ടുകളിൽ ഇടംനേടിയ ഹനുമാൻകൈൻഡിന് അന്താരാഷ്ട്ര തലത്തിൽ വലിയ ആരാധകരുണ്ട്. കാനഡയിൽ നിന്നുള്ള പ്രമുഖ ഫാഷൻ ഇൻഫ്ലുവൻസറായ വിക്ടോറിയയുമായുള്ള ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് മലയാളി പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വിഡിയോ ഇതിനോടകം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Have you heard of Mohanlal and Mammootty?' Hanumankind responds to Canadian influencer's question with mass response






