ഹരിയാനയിൽ കാണാതായ യുവതിയെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൊലചെയ്തത് യുവതിയുടെ ഭർതൃ പിതാവാണെന്നും കൊലയ്ക്ക് മുൻപ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ജൂൺ 21 നാണ് 24 കാരിയായ തനു എന്ന യുവതിയെയാണ് പത്തടി ആഴമുള്ള കുഴിയിൽ കോൺക്രീറ്റ് സ്ലാബിട്ട് മൂടിയ നിലയിൽ കണ്ടെത്തിയിരുന്നത്. കൊലപാതകത്തിനു മുൻപ് മരുമകളെ ബലാത്സംഗം ചെയ്തിരുന്നുവെന്നും ഇതിനായി മകന്റെ സഹായം പിതാവ് തേടിയെന്നും ഭർതൃപിതാവ് മൊഴി നൽകി. ഏപ്രിലിൽ നടന്ന സംഭവത്തിനു പിന്നാലെ യുവതിയെ കാണാനില്ലെന്ന് യുവതിയുടെ സഹോദരി പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം ഭർതൃഗൃഹത്തിനു പുറത്തെ കുഴിയിൽ നിന്ന് കണ്ടെത്തിയത്.
ഏപ്രിൽ 14നാണ് യുവതിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഭർത്താവും ഭർതൃപിതാവും ചേർന്ന് നടത്തിയത്. ഇതിനായി യുപിയിലെ എറ്റയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ഭർതൃമാതാവിനെ ഇവർ പറഞ്ഞയച്ചു. തുടർന്ന് ഏപ്രിൽ 21ന് രാത്രി, യുവതിയുടെ ഭക്ഷണത്തിൽ ഭർത്താവ് ഉറക്കഗുളികകൾ കലർത്തി. രാത്രി വൈകി മുറിയിൽ കയറിയ ഭർതൃപിതാവ് കൊലപാതകത്തിനു മുൻപ് മരുമകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി മകനെ മുറിയിലേക്ക് വിളിച്ചു. തുടർന്ന് മൃതദേഹം പൊതിഞ്ഞു വീടിന് സമീപത്തുള്ള കുഴിയിലേക്ക് തള്ളി.
ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ശികോഹാബാദ് സ്വദേശിയായ യുവതിയും ഫരീദാബാദ് സ്വദേശിയും തമ്മിൽ 2023-ലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ നാളുകളിൽത്തന്നെ സ്ത്രീധനം സംബന്ധിച്ച തർക്കങ്ങളുണ്ടാവുകയും യുവതിക്ക് മർദനമേൽക്കേണ്ടിവരികയും ചെയ്തു. ഭർതൃവീട്ടിൽ നിരന്തര പീഡനം അനുഭവിച്ചിരുന്നതായും വിവാഹം കഴിഞ്ഞ് മാസങ്ങൾക്കകംതന്നെ അവൾ സ്വന്തം വീട്ടിലേക്ക് മടങ്ങിവന്നിരുന്നതായും കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പറഞ്ഞു. ഭർതൃവീട്ടിലെ മോശം പെരുമാറ്റം കാരണം ഒരുവർഷത്തോളം യുപിയിലെ സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്നതായും സഹോദരി വ്യക്തമാക്കി. സ്ത്രീധനം സംബന്ധിച്ച പ്രശ്‌നങ്ങളാകാം കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് സഹോദരിയുടെ സംശയം.






