റാവൽപിണ്ടി: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ചുറിയെന്ന ലോകറെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്ക്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ വെറും 114 പന്തിൽ ഇരട്ടസെഞ്ചുറി തികച്ച ബ്രൂക്കിന്റെ വെടിക്കെട്ട് മികവിൽ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തി. ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന ചരിത്രനേട്ടവും ഇതോടെ ബ്രൂക്കിന് സ്വന്തമായി.

തുടക്കത്തിൽ കരുതലോടെ കളിച്ച ബ്രൂക്ക് പിന്നീട് ശ്രീലങ്കൻ ബൗളിങ് നിരയെ നിലംപരിശാക്കി. ജോ റൂട്ടിനൊപ്പം മൂന്നാം വിക്കറ്റിൽ 159 റൺസും, വിൽ ജാക്സിനൊപ്പം അഞ്ചാം വിക്കറ്റിൽ 185 റൺസും താരം കൂട്ടിച്ചേർത്തു.ഇന്നിങ്സിന്റെ അവസാന പന്തിൽ പുറത്താകുമ്പോൾ 202 റൺസാണ് ബ്രൂക്കിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിനായി ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന ബെൻ സ്റ്റോക്സിന്റെ (182) റെക്കോർഡും ഇതോടെ വഴിമാറി.
ബ്രൂക്കിന് മികച്ച പിന്തുണ നൽകിയ ജോ റൂട്ട് 69 റൺസെടുത്തു. വെറും 25 പന്തിൽ അർധസെഞ്ചുറി നേടിയ വിൽ ജാക്സ് 66 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ ടോം ബാന്റൺ 50 റൺസും ബെൻ ഡക്കറ്റ് 29 റൺസും നേടി.
ALSO READ: സഞ്ജുവിന്റെ വെടിക്കെട്ട്, നമന് ധിറിന്റെ ഫിനിഷിങ്; കിവീസിനെതിരെ ഇന്ത്യയ്ക്ക് ആവേശജയം
ഏകദിന ചരിത്രത്തിൽ ശ്രീലങ്ക വഴങ്ങുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. കൂടാതെ, പാകിസ്താൻ മണ്ണിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ഏകദിന ടോട്ടലെന്ന റെക്കോർഡും ഇംഗ്ലണ്ട് സ്വന്തമാക്കി. 430 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Harry Brook Hits Record ODI Double Century’




