മുംബൈ: ഐപിഎല്ലിലെ വമ്പന്‍ ട്രേഡ് ഡീലില്‍ മുംബൈ ഇന്ത്യന്‍സ് നായകന് ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക്. 18 കോടി രൂപയ്ക്കാണ് പഞ്ചാബ് ഹാര്‍ദിക്കിനെ സ്വന്തമാക്കിയത്. പകരം ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് അതേ തുകയ്ക്ക് മുംബൈയിലെത്തി. ഇതോടെ അടുത്ത സീസണില്‍ മുംബൈയെ നയിക്കുന്നത് ആരെന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം.

ഹാര്‍ദിക് ടീം വിട്ടതോടെ മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനം കാലിയാണ്. രോഹിത് ശര്‍മ വീണ്ടും നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍സി കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്നാണ് മുംബൈ ഇന്ത്യന്‍സ് അറിയിച്ചിരിക്കുന്നത്. ഉചിതമായ സമയത്ത് പ്രഖ്യാപനമുണ്ടാകുമെന്നും ടീം വ്യക്തമാക്കി.
പഞ്ചാബ് കിങ്സിലേക്കുള്ള മാറ്റത്തിനു പിന്നാലെ സന്തോഷം പങ്കുവെച്ച് ഹാര്‍ദിക്കും രംഗത്തെത്തി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും പരിശീലകന് റിക്കി പോണ്ടിങ്ങിനും ടീമിനും പിന്തുണ പ്രഖ്യാപിച്ച താരം, താന്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2015-ലാണ് ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിലെത്തിയത്. 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ മുംബൈ കിരീടം നേടിയപ്പോള്‍ ടീമിന്റെ നിര്‍ണായക താരമായിരുന്നു. 2022-ല്‍ ഗുജറാത്ത് ടൈറ്റന്‍സിലെത്തിയ ഹാര്‍ദിക് ആദ്യ സീസണില്‍ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. 2023-ല്‍ ഫൈനലിലും എത്തിച്ചു. പിന്നാലെ 2024-ല്‍ മുംബൈയില്‍ തിരിച്ചെത്തി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു.
ALSO READ: ഐപിഎല്ലിൽ ഇംപാക്ട് പ്ലെയർ നിയമം തുടരും; അന്തിമ തീരുമാനം എടുത്ത് ബിസിസിഐ
മുംബൈയില്‍ 16.35 കോടി രൂപയായിരുന്നു ഹാര്‍ദിക്കിന്റെ പ്രതിഫലം. പഞ്ചാബില്‍ ഇത് 18 കോടിയായി ഉയരും. ഐപിഎല്ലില്‍ 162 മത്സരങ്ങളില്‍നിന്ന് 2,955 റണ്‍സും 82 വിക്കറ്റുകളുമാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം. നവംബര്‍ 17-നാണ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പ്രഖ്യാപിക്കാനുള്ള അവസാന തീയതി. ഡിസംബര്‍ 16-ന് ഗോവയിലാണ് മിനി ലേലം. അതിനു മുന്‍പ് മുംബൈയുടെ പുതിയ നായകനെ പ്രഖ്യാപിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Hardik Joins Punjab Kings’




