ക്യുബെക്ക്: ക്യുബെക്ക് പ്രവിശ്യയിലുള്ള മാക്സി (Maxi), കോസ്റ്റ്കോ (Costco) എന്നീ സൂപ്പർമാർക്കറ്റുകളിൽ വോഡ്ക ഉൾപ്പെടെയുള്ള വീര്യമേറിയ മദ്യങ്ങൾ (Hard Liquor) വിൽക്കുന്നതിനായി പ്രത്യേക എസ്.എ.ക്യൂ (SAQ) സോണുകൾ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷമായി മദ്യവിൽപനയിലുണ്ടായ കുറവും ഉപഭോക്താക്കളുടെ വാങ്ങൽ ശീലങ്ങളിലെ മാറ്റവും കണക്കിലെടുത്ത് ‘സൊസൈറ്റി ഡെസ് ആൽക്കഹോൾസ് ഡു ക്യുബെക്ക്’ (SAQ) നടപ്പിലാക്കുന്ന പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. മോണ്ട്രിയലിലെ സൗത്ത് വെസ്റ്റ് മേഖലയിലുള്ള കോസ്റ്റ്കോ സ്റ്റോറിലും മാക്സി സൂപ്പർമാർക്കറ്റുകളിലുമാണ് നിലവിൽ 30 മുതൽ 40 വരെ ഇനം വീര്യമേറിയ മദ്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.
ജനുവരിയിൽ നഗരങ്ങളിലെ 92 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പുതിയ സോണുകൾ തുടങ്ങാൻ എസ്.എ.ക്യൂ ടെൻഡർ ക്ഷണിച്ചിരുന്നു. 2026 വേനൽക്കാലത്തോടെ ഈ പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. സാധാരണയായി വൈൻ, ബിയർ എന്നിവ മാത്രം ലഭ്യമായിരുന്ന സൂപ്പർമാർക്കറ്റുകളിൽ ഇപ്പോൾ വീര്യമേറിയ മദ്യങ്ങളും എളുപ്പത്തിൽ ലഭ്യമാകുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കോസ്റ്റ്കോയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് അവിടെ ഇത്തരമൊരു പങ്കാളിത്തത്തിന് തയ്യാറായതെന്ന് എസ്.എ.ക്യൂ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം, പുതിയ നീക്കത്തിനെതിരെ പൊതുജനാരോഗ്യ പ്രവർത്തകരും എസ്.എ.ക്യൂ ജീവനക്കാരുടെ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. മദ്യത്തിന്റെ അമിതമായ ലഭ്യത അനാവശ്യമായ വാങ്ങലുകൾക്കും (Impulse buying) മദ്യപാനം ഒരു നിത്യജീവിത ശീലമായി മാറുന്നതിനും കാരണമാകുമെന്ന് ക്യുബെക്ക് പബ്ലിക് ഹെൽത്ത് അസോസിയേഷൻ പ്രോജക്റ്റ് മാനേജർ ലോറൻസ് റുവൽ പറഞ്ഞു. ഇത് സമൂഹത്തിന് വലിയ സാമ്പത്തിക ബാധ്യതയും ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഈ നീക്കം മദ്യവിൽപന മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച ജീവനക്കാരുടെ യൂണിയൻ പ്രസിഡന്റ് മാർട്ടിൻ ലാഷാൻസ്, വീര്യമേറിയ മദ്യങ്ങൾ ഇത്തരത്തിൽ വിൽക്കുന്നത് അപകടമാണെന്നും ചൂണ്ടിക്കാട്ടി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Hard liquor now available in supermarkets; S.A.Q. introduces new marketing method in Quebec




