കാനഡയിലെ ജി.എസ്.ടി/എച്ച്.എസ്.ടി ക്രെഡിറ്റ് 2.7% വർധിപ്പിക്കുന്നതായി കാനഡ റവന്യൂ ഏജൻസി അറിയിച്ചു. ഇത് ജൂലൈ 4 മുതൽ പ്രാബല്യത്തിൽ വരും. പണപ്പെരുപ്പത്തിന്റെ സമ്മർദ്ദം നേരിടുന്ന കുറഞ്ഞ വരുമാനമുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും സഹായകരമാകുന്ന ഈ നടപടി അന്താരാഷ്ട്ര വിദ്യാർത്ഥികളും വർക്ക് പെർമിറ്റ് ഉടമകളും ഉൾപ്പെടെയുള്ള പുതിയ കുടിയേറ്റക്കാർക്കും പ്രയോജനപ്പെടും. നികുതി രഹിതമായി മൂന്നു മാസ അടിസ്ഥാനത്തിൽ നൽകുന്ന ഈ പണം അർഹതയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യപ്പെടും.
2025-ലെ പുതുക്കിയ പേയ്മെന്റ് തുകകൾ (വാർഷികം):
ഒറ്റയ്ക്ക് താമസിക്കുന്നവർക്ക്: പരമാവധി $349 വരെ
ഓരോ കുട്ടിക്കും: പരമാവധി $184 വരെ
ദമ്പതികൾക്ക്: പരമാവധി $698 വരെ
ഒറ്റയ്ക്കുള്ളവർക്കുള്ള അധിക തുക: പരമാവധി $184 വരെ
ഉദാഹരണം: നാലംഗ കുടുംബത്തിന് വാർഷികമായി $1,066 വരെ (മൂന്നു മാസത്തിലൊരിക്കൽ $266.50 ലഭിക്കാം)
വരുമാന പരിധികൾ അനുസരിച്ച്, $11,337 മുതൽ ഘട്ടം ഘട്ടമായി തുടങ്ങുന്ന ക്രെഡിറ്റ്, $45,521-ൽ എത്തുമ്പോൾ കുറയാൻ തുടങ്ങും.
ഈ ആനുകൂല്യങ്ങൾ അർഹത നേടാൻ അപേക്ഷകർ നികുതി ആവശ്യങ്ങൾക്കായി കാനഡയിൽ താമസിക്കുന്നവരും 19 വയസ്സിന് മുകളിലുള്ളവരോ അല്ലെങ്കിൽ 19-ന് താഴെയുള്ളവരിൽ വിവാഹിതരോ കുട്ടികളുള്ളവരോ ആയിരിക്കണം. കൂടാതെ 2024-ലെ നികുതി റിട്ടേൺ ഫയൽ ചെയ്തിരിക്കണം.
വരുമാനം പരിധിക്ക് മുകളിലുള്ളവർ നികുതി ആവശ്യത്തിന് കാനഡ താമസക്കാരല്ലാത്തവർ, 2024-ലെ നികുതി റിട്ടേൺ സമർപ്പിക്കാത്തവർ എന്നിവർക്ക് ഈ ആനുകൂല്യത്തിന് അർഹതയുണ്ടാകില്ല.
2025-26 കാലയളവിലെ പേയ്മെന്റ് തീയതികൾ ജൂലൈ 4, 2025 (ആദ്യ വർധിപ്പിച്ച പേയ്മെന്റ്), ഒക്ടോബർ 3, 2025, ജനുവരി 5, 2026, ഏപ്രിൽ 3, 2026 എന്നിങ്ങനെയാണ്.
പുതുതായി കാനഡയിൽ എത്തിയവർക്ക് പ്രത്യേക അപേക്ഷാ ഫോമുകൾ സമർപ്പിച്ച് ഈ ആനുകൂല്യം നേടാം. കുട്ടികളില്ലാത്തവർക്ക് RC151 ഫോമും, കുട്ടികളുള്ളവർക്ക് RC66 ഫോമും RC66SCH ഫോമും ഉപയോഗിക്കാം.
നടപടികൾ സുഗമമാക്കാൻ 2024-ലെ നികുതി നേരത്തേ ഫയൽ ചെയ്യുക, മാര്യേജ് സ്റ്റാറ്റസ്, കുട്ടികളുടെ വിവരങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ എന്നിവ CRA-യിൽ അപ്ഡേറ്റ് ചെയ്യുക, സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ CRA My Account ഉപയോഗിക്കാം. പേയ്മെന്റ് ലഭിക്കാത്ത പക്ഷം, 10 ദിവസം കാത്തിരുന്നതിന് ശേഷം 1-800-387-1193 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.



