ന്യൂഫൗണ്ട്ലാൻഡ്; ന്യൂഫൗണ്ട്ലാൻഡിലെ പ്രമുഖ നടൻ ഗ്രെഗ് മലോൺ ജൂലൈ 22 മുതൽ 26 വരെ സെന്റ് ജോൺസിലെ LSPU ഹാളിൽ അരങ്ങേറുന്ന ‘Richard Three: Pas de Deux’ എന്ന നാടകത്തിലൂടെ വീണ്ടും പ്രേക്ഷകരെ കാണാനെത്തുന്നു. ഷേക്സ്പിയറിന്റെ Richard IIIയെ ആസ്പദമാക്കി കനേഡിയൻ സംവിധായിക ജീനെറ്റ് ലാംബർമോണ്ട്-മോറി പുതുക്കിപ്പണിത ഈ അവതരണത്തിൽ റിച്ചാർഡ് III ആയി ഗ്രെഗ് മലോൺ വേഷമിടുമ്പോൾ, ഒലിവിയ-ഗ്രേം മക്‌നാബ് നിരവധി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെക്കാലമായി ഈ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന ആഗ്രഹമാണ് ഇപ്പോൾ സഫലമായതെന്ന് മലോൺ പറഞ്ഞു.
നാടകത്തിലെ പ്രമേയം ഇന്നത്തെ ലോക രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉയർത്തുന്നതാണെന്ന് മലോൺ അഭിപ്രായപ്പെട്ടു. അധികാരലോലുപരും ഏകാധിപത്യ പ്രവണതയുള്ള നേതാക്കളും ചരിത്രത്തിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചാണ് Richard III സംസാരിക്കുന്നതെന്നും, ആ കഥ ഇന്നത്തെ സാഹചര്യങ്ങളിലും പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിലും കാനഡയിലുമായി നാല് പതിറ്റാണ്ടിലേറെ പ്രമുഖ നാടകവേദികളിൽ പ്രവർത്തിച്ചിട്ടുള്ള ജീനെറ്റ് ലാംബർമോണ്ട്-മോറി, ഏതാനും വർഷങ്ങൾക്ക് മുമ്പ് ന്യൂഫൗണ്ട്ലാൻഡിനെ സ്വന്തം പ്രവർത്തനകേന്ദ്രമാക്കി മാറ്റിയിരുന്നു. 2011-ൽ ഗ്രെഗ് മലോണിനൊപ്പം പ്രവർത്തിച്ച അനുഭവമാണ് ഈ പുതിയ നാടകം അദ്ദേഹത്തെ മുൻനിർത്തി രൂപപ്പെടുത്താൻ പ്രചോദനമായതെന്നും അവർ പറഞ്ഞു.
15-ാം നൂറ്റാണ്ടിലെ ചരിത്രാവശിഷ്ടങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം പശ്ചാത്തലമാക്കിയാണ് നാടകം ഒരുക്കിയിരിക്കുന്നത്. ലേഡി ആൻ, ക്വീൻ എലിസബത്ത്, ബക്കിംഗ്ഹാം തുടങ്ങി വിവിധ കഥാപാത്രങ്ങളായി മാറുന്ന ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ റിച്ചാർഡ് IIIയുടെ ഉയർച്ചയും തകർച്ചയും അവതരിപ്പിക്കുന്ന രീതിയിലാണ് കഥ പുരോഗമിക്കുന്നത്. ജൂലൈ 22-ന് പ്രിവ്യൂ ഷോയും തുടർന്ന് 23, 24, 25 തീയതികളിൽ വൈകിട്ട് 7.30-നും സമാപന പ്രദർശനം ജൂലൈ 26-ന് ഉച്ചയ്ക്ക് 2.30-നും LSPU ഹാളിൽ നടക്കും. ടിക്കറ്റുകൾ LSPU ഹാളിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ബോക്സ് ഓഫീസിലും ലഭ്യമാണ്.
Gregg Malone returns to the stage; LSPU Hall presents a new production of Shakespeare's 'Richard III'.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






