പ്രിൻസ് എഡ്വേർഡ് ഐലൻഡ്: സാധാരണക്കാർക്ക് സാമ്പത്തിക ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ, ഉപയോഗിച്ച വാഹനങ്ങളുടെ വിൽപ്പനയ്ക്ക് നിലവിലുള്ള നികുതി ഒഴിവാക്കാനുള്ള ബിൽ അവതരിപ്പിച്ച് ഗ്രീൻ പാർട്ടി. നിലവിൽ ഉപയോഗിച്ച കാറുകൾ വിൽക്കുമ്പോൾ ഈടാക്കുന്ന 15 ശതമാനം റീട്ടെയിൽ സെയിൽസ് ടാക്സ് ഒഴിവാക്കാനാണ് ബിൽ 104-ലൂടെ പാർട്ടി നേതാവ് മാത്യു മാക്‌ഫാർലേൻ ശ്രമിക്കുന്നത്. ഈ നടപടി ഒരു “അഫോർഡബിലിറ്റി ബിൽ” ആണെന്നും, ദ്വീപിൽ കാർ അത്യാവശ്യമായതിനാൽ ഈ നികുതിയിളവ് ജനങ്ങൾക്ക് വലിയ സഹായകരമാകുമെന്നും മാക്‌ഫാർലേൻ അഭിപ്രായപ്പെട്ടു.
പുതിയ കാറുകൾ വാങ്ങാൻ കഴിയാത്ത കുറഞ്ഞ വരുമാനമുള്ളവർ, പുതുതായി ദ്വീപിലെത്തിയവർ, ആദ്യമായി വാഹനം വാങ്ങുന്ന യുവ ഡ്രൈവർമാർ എന്നിവരെയാണ് ഈ ബിൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ നികുതി ഒഴിവാക്കുന്നതിലൂടെ, ഒരു വിൽപ്പനയിൽ നൂറുകണക്കിനോ ആയിരക്കണക്കിനോ ഡോളർ വരെ ദ്വീപുകാരുടെ പോക്കറ്റിൽത്തന്നെ സൂക്ഷിക്കാൻ കഴിയുമെന്നാണ് ഗ്രീൻ എം.എൽ.എയുടെ വാദം. നികുതി ഒഴിവാക്കുന്നതിലൂടെ സർക്കാരിന് വരുമാനനഷ്ടം ഉണ്ടാകുമെങ്കിലും, ഈ പണം ജനങ്ങൾക്ക് ഭക്ഷണത്തിനും, പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപങ്ങൾക്കും ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടിയ നികുതി ഭയന്ന് വിൽപ്പനയുടെ യഥാർത്ഥ വില കുറച്ചു കാണിക്കുന്നതുൾപ്പെടെയുള്ള പ്രവണതകൾ ഒഴിവാക്കാനും ഈ ബില്ലിലൂടെ സാധിക്കും. “ഈ പണം ദ്വീപുകാരുടെ പോക്കറ്റിൽത്തന്നെ സൂക്ഷിക്കണം,” എന്ന് ആവശ്യപ്പെട്ട മാക്‌ഫാർലേൻ, നിലവിലെ ജീവിതച്ചെലവ് പരിഗണിച്ച് സർക്കാർ ഈ ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി. ബിൽ 104 ഇപ്പോൾ നിയമസഭയുടെ പരിഗണനയിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Green Party Bill 104 in PEI to eliminate sales tax on used cars



