സസ്കാച്ചവാനിൽ പ്രതിദിനം 10 ഡോളർ നിരക്കിൽ ലഭ്യമാക്കിയിരുന്ന മിതമായ നിരക്കിലുള്ള ചൈൽഡ് കെയർ പ്രോഗ്രാമിൽ ജൂലൈ 1 മുതൽ വരുത്താൻ നിശ്ചയിച്ചിട്ടുള്ള ഫണ്ടിംഗ് മാറ്റങ്ങൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് മൂസോമിന്റെ (Moosomin) ഏക ഡേകെയറായ പ്ലേഫെയർ ഡേകെയർ ഭാരവാഹികളും രക്ഷിതാക്കളും പ്രവിശ്യാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പുതിയ ഫണ്ടിംഗ് ഘടന നിലവിൽ വരുന്നത് വഴി തങ്ങൾക്ക് പ്രതിവർഷം 8,92,000 ഡോളറിന്റെ വരുമാന നഷ്ടം ഉണ്ടാകുമെന്നും ഇത് സ്ഥാപനം പൂട്ടുന്നതിലേക്ക് നയിച്ചേക്കാമെന്നും ഡേകെയർ ഡയറക്ടർ ടെറി ലോ ആശങ്ക പ്രകടിപ്പിച്ചു.
നിലവിൽ 137 കുട്ടികൾക്ക് സേവനം നൽകുന്ന സ്ഥാപനത്തിൽ 132 കുട്ടികൾ പ്രവേശനത്തിനായി വെയിറ്റിംഗ് ലിസ്റ്റിലുണ്ട്. പുതിയ മാറ്റങ്ങൾ ഗ്രാമീണ മേഖലയിലെ തൊഴിലെടുക്കുന്ന രക്ഷിതാക്കളെയും പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്നും പ്രതിമാസം 57,000 ഡോളറിന്റെ കുറവ് സ്ഥാപനത്തിനുണ്ടാകുമെന്നും ഡേകെയർ ബോർഡ് അംഗം ഡാനിയേൽ റോഡ്സ് വ്യക്തമാക്കി.
നേരത്തെ ഒരു ലൈസൻസുള്ള സ്പേസിൽ പാർട്ട് ടൈം അടിസ്ഥാനത്തിൽ ഒന്നിലധികം കുട്ടികളെ പ്രവേശിപ്പിച്ച് ഗ്രാന്റ് കൈപ്പറ്റാൻ അനുവാദമുണ്ടായിരുന്ന സ്ഥാനത്ത്, ജൂലൈ 1 മുതൽ ഒരു ലൈസൻസുള്ള സീറ്റിന് ഒരു തവണ മാത്രമേ പാരന്റ് ഫീ റിഡക്ഷൻ ഗ്രാന്റ് അനുവദിക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇത് പ്രോഗ്രാമിന്റെ ദീർഘകാല നിലനിൽപ്പിന് വേണ്ടിയാണെന്ന് വിദ്യാഭ്യാസ മന്ത്രി എവററ്റ് ഹിൻഡ്‌ലി മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ മാറ്റം മൂലം 35 മുതൽ 38 വരെ കുടുംബങ്ങളെ ഡേകെയറിൽ നിന്ന് ഒഴിവാക്കേണ്ടി വരുമെന്നും, നഷ്ടം നികത്താൻ കുടുംബങ്ങളിൽ നിന്ന് പ്രതിമാസം അധികമായി 355 ഡോളർ വരെ ഈടാക്കേണ്ടി വരുമെന്നും ടെറി ലോ അറിയിച്ചു.
കൂടാതെ പുതുതായി നടപ്പിലാക്കുന്ന 10 മണിക്കൂർ സമയപരിധിക്ക് ശേഷമുള്ള സേവനങ്ങൾക്ക് ഈടാക്കാവുന്ന തുക സ്റ്റാൻഡേർഡൈസ് ചെയ്തത് പ്രവർത്തനച്ചെലവ് കണ്ടെത്താൻ പര്യാപ്തമല്ലെന്നും ഡേകെയർ അധികൃതർ കൂട്ടിച്ചേർത്തു. ചില ചൈൽഡ് കെയർ സ്ഥാപനങ്ങൾക്ക് ഫണ്ടിംഗിൽ കുറവുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സമ്മതിച്ചെങ്കിലും പ്ലേഫെയർ ഡേകെയറിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രാലയം തയ്യാറായില്ല.
Government without compromise; Saskatchewan parents and officials protest daycare funding reform
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





