ഒട്ടാവ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം കാനഡ ഫെഡറൽ ഗവൺമെന്റ് താൽക്കാലികമായി നിർത്തിവെച്ചു. ആഗോളതലത്തിലെ വ്യാപാര തടസ്സങ്ങളും ആഭ്യന്തര സാമ്പത്തിക രംഗത്തെ സമ്മർദ്ദവുമാണ് ഇത്തരമൊരു പിൻവാങ്ങലിന് സർക്കാരിനെ പ്രേരിപ്പിച്ചത്. ശനിയാഴ്ച പുറത്തിറക്കിയ ‘കാനഡ ഗസറ്റ്’ വിജ്ഞാപനത്തിലൂടെയാണ് നിരോധനത്തിൽ നിന്നുള്ള ഇളവുകളെക്കുറിച്ച് സർക്കാർ പൊതുജനങ്ങളുമായി കൂടിയാലോചനകൾ ആരംഭിച്ചത്.
കയറ്റുമതി നിരോധനം നടപ്പിലാക്കുന്നത് വഴി ലഭിക്കുന്ന പരിസ്ഥിതി ഗുണത്തേക്കാൾ കൂടുതൽ, രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് അതുണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്ന് സർക്കാർ വിലയിരുത്തുന്നു. 2023-ലെ കണക്കുകൾ പ്രകാരം പ്ലാസ്റ്റിക് മേഖലയിൽ നിന്നുള്ള കയറ്റുമതിയിലൂടെ മാത്രം 3,500 കോടി ഡോളറിന്റെ വരുമാനമാണ് രാജ്യത്തിന് ലഭിച്ചത്. പെട്ടെന്നുള്ള നിരോധനം ഈ മേഖലയിലെ വൻ വരുമാന ചോർച്ചയ്ക്ക് കാരണമാകുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്ന പല കമ്പനികളും പേപ്പർ, കമ്പോസ്റ്റബിൾ ബദലുകളിലേക്ക് മാറിയിട്ടുണ്ടെങ്കിലും ഒരു വലിയ വിഭാഗം നിർമ്മാതാക്കൾ ഇപ്പോഴും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെത്തന്നെയാണ് ആശ്രയിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ചെറുകിട വ്യവസായ സ്ഥാപനങ്ങളാണ്. കയറ്റുമതി നിരോധിച്ചാൽ ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്നും നിർമ്മാണ ഉപകരണങ്ങൾ പാഴായിപ്പോകുമെന്നും സർക്കാർ നിരീക്ഷിക്കുന്നു. ഈ തൊഴിൽനഷ്ടം ഒഴിവാക്കാനാണ് പുതിയ നീക്കം.
അതേസമയം, പ്ലാസ്റ്റിക് നിർമ്മാണം തുടരുന്ന കമ്പനികൾക്ക് സർക്കാർ കർശന ഉപാധികൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നവയാണെന്ന് തെളിയിക്കുന്ന കൃത്യമായ രേഖകൾ അഞ്ച് വർഷം വരെ സൂക്ഷിക്കണം. രാജ്യത്തിനകത്ത് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള നിലവിലെ നിയമങ്ങൾ തുടരുമെന്നും വിദേശത്തേക്ക് അയക്കുന്നവയ്ക്ക് മാത്രമായിരിക്കും ഈ ഇളവെന്നും അധികൃതർ വ്യക്തമാക്കി.
കാനഡയ്ക്ക് ഉള്ളിൽ പ്ലാസ്റ്റിക് ബാഗുകൾ, സ്ട്രോകൾ, സ്പൂണുകൾ തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കുള്ള നിരോധനം മാറ്റമില്ലാതെ തുടരും. കയറ്റുമതി തുടരുന്നത് ആഗോള പ്ലാസ്റ്റിക് മലിനീകരണത്തിൽ വലിയ മാറ്റമുണ്ടാക്കില്ലെന്നും സർക്കാർ കരുതുന്നു. കാനഡ കയറ്റുമതി നിർത്തിയാലും ലോക വിപണിയിലെ മറ്റ് വിതരണക്കാരിൽ നിന്ന് ഉപഭോക്താക്കൾ പ്ലാസ്റ്റിക് വാങ്ങാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നിഗമനം. ഡിസംബർ 20 മുതൽ നിലവിൽ വരേണ്ടിയിരുന്ന നിരോധനമാണ് ഇതോടെ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്.
government-suspending-ban-on-single-use-plastic-exports
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



