മോൺട്രിയലിലെ ലാസാലെ ബറോയിൽ നിന്ന് മൂന്നുവയസ്സുകാരിയെ കാണാതായി. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ന്യൂമാൻ ബൊളിവാർഡിന് സമീപത്തുനിന്ന് ക്ലെയർ ബെല്ലെന്ന പെൺകുട്ടിയെ കാണാതായത്. കുട്ടിയോടൊപ്പം വീട്ടിലെ നായയും ഉണ്ടെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ക്യുബെക്ക് പ്രവിശ്യ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോകാനുള്ള സാധ്യയയില്ലെന്ന പ്രാഥമിക നിഗമനത്തിന്റെ പശ്ചാത്തലത്തിൽ ഇതുവരെ ആംബർ അലേർട്ട് പുറപ്പെടുവിച്ചിട്ടില്ല.
3 അടി ഉയരവും 16 കിലോഗ്രാം ഭാരവുമാണ് പെൺകുട്ടിക്കുള്ളത്. തവിട്ട് നിറമുള്ള മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുള്ള കുട്ടി ഇംഗ്ലീഷാണ് കൂടുതലായും സംസാരിക്കുക. കുട്ടിയെ കാണാതായ ഇടത്തും പരിസര പ്രദേശത്തുമുള്ള ആളുകൾ അവരുടെ വീടും പരിസരവും ഡോർബെൽ ക്യാമറകളും പരിശോധിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. കുട്ടിയോടൊപ്പം ഉണ്ടെന്ന് കരുതുന്നത് തവിട്ടുനിറത്തിലുള്ള നീണ്ട മുടിയുള്ള ഒരു നായയാണ്. ഇതുപോലെയുള്ള ഒരു നായയെ കണ്ടാൽ 911 എന്ന നമ്പറിൽ വിളിക്കണമെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 911 എന്ന നമ്പറിലോ സുറെറ്റെ ഡു ക്യുബെക്കിന്റെ രഹസ്യ ക്രിമിനൽ ഇൻഫർമേഷൻ സെന്ററായ 1-800-659-4264 എന്ന നമ്പറിലോ വിളിക്കണമെന്ന് പൊലീസ് അഭ്യർത്ഥിക്കുന്നു.



