നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) പ്രവചനങ്ങളെ മറികടന്ന് 8.2 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5.6 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ ആറ് പാദങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എൻ.എസ്.ഒ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, രണ്ടാം പാദത്തിലെ ജി.ഡി.പി മൂല്യം 48.63 ലക്ഷം കോടി രൂപയാണ്. മുൻ വർഷം ഇത് 44.94 ലക്ഷം കോടിയായിരുന്നു. നോമിനൽ ജി.ഡി.പി 8.7 ശതമാനം വളർന്ന് 82.25 ലക്ഷം കോടി രൂപയായി.
വളർച്ചയ്ക്ക് പ്രധാനമായും കരുത്ത് പകർന്നത് രാജ്യത്തെ ദ്വിതീയ, ത്രിതീയ മേഖലകളാണ്. ഉത്പാദന മേഖല (Manufacturing) 9.1 ശതമാനവും നിർമാണ മേഖല (Construction) 7.2 ശതമാനവും വളർച്ച കൈവരിച്ചു. മൊത്തം സേവന മേഖല 9.2 ശതമാനം വളർന്നപ്പോൾ, ഫിനാൻഷ്യൽ, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സർവീസ് മേഖലകൾ 10.2 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇലക്ട്രിസിറ്റി, ഗ്യാസ്, വാട്ടർ സപ്ലൈ മേഖല 4.4 ശതമാനം നേട്ടമുണ്ടാക്കി. എന്നാൽ, കാർഷിക, അനുബന്ധ മേഖലകളുടെ വളർച്ച 3.5 ശതമാനം മാത്രമായിരുന്നു. സ്വകാര്യ ഉപഭോഗം (Private Consumption) വർധിച്ചതും ജി.ഡി.പി വളർച്ചയ്ക്ക് അനുകൂലമായി ഭവിച്ചുവെന്നും വിലയിരുത്തപ്പെടുന്നു.
നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 7 ശതമാനം ജി.ഡി.പി വളർച്ചയാണ് റിസർവ് ബാങ്ക് അടക്കമുള്ളവർ പ്രവചിച്ചിരുന്നത്. ഒന്നാം പാദത്തിലെ 7.8 ശതമാനം വളർച്ച കണക്കിലെടുത്ത്, രണ്ടാം പാദത്തിലെ പ്രതീക്ഷ 6.5 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി വർധിപ്പിച്ച ശേഷമായിരുന്നു ഇത്. എങ്കിലും റിസർവ് ബാങ്കിന്റെ പ്രവചനത്തേക്കാൾ ഉയർന്ന വളർച്ചയുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ കരുതിയിരുന്നു. റോയിട്ടേഴ്‌സ്, ദി ഇക്കണോമിക്‌സ് ടൈംസ് എന്നിവ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളിൽ 7.3 ശതമാനമായിരുന്നു പ്രവചനം. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 7.5 ശതമാനവും ഐ.സി.ഐ.സി.ഐ 7.6 ശതമാനവും പ്രവചിച്ചിരുന്നെങ്കിലും, ഈ പ്രതീക്ഷകളെല്ലാം മറികടന്നുകൊണ്ടാണ് 8.2 ശതമാനം വളർച്ച രാജ്യം നേടിയത്.
സെപ്റ്റംബർ 22 മുതൽ രാജ്യത്ത് നടപ്പിലാക്കിയ ജി.എസ്.ടി ഇളവിന്റെ പൂർണ്ണമായ നേട്ടം ലഭിക്കുന്നതിനു മുൻപേയാണ് ജി.ഡി.പി വളർച്ചയിലെ ഈ കുതിപ്പ് എന്നത് ശ്രദ്ധേയമാണ്. ഇളവ് തുടങ്ങുന്നതിനു മുൻപ് തന്നെ ഗാർഹിക, ഗ്രോസറി ഉത്പന്നങ്ങളുടെ ഡിമാൻഡ് വർധിച്ചിരുന്നു. ഈ ഇളവ് വഴി ജനങ്ങളുടെ കൈവശം ചുരുങ്ങിയത് രണ്ട് ലക്ഷം കോടി രൂപയെങ്കിലും എത്തുമെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രവചിച്ചിരുന്നത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് വളർച്ചയെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.
ഈ വെല്ലുവിളിയെ മറികടന്നാണ് മികച്ച വളർച്ച കൈവരിച്ചത്. ട്രംപിന്റെ താരിഫ് ഏറെക്കാലം നിലനിൽക്കുമെന്നും അത് വളർച്ചയെ ബാധിക്കുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നൽകിയിരുന്നു. നടപ്പുസാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 6.6 ശതമാനവും അടുത്ത വർഷത്തേത് 6.2 ശതമാനവുമായിരിക്കുമെന്ന ഐ.എം.എഫ് പ്രതിനിധിയുടെ പ്രവചനങ്ങളെ കേന്ദ്രസർക്കാർ തള്ളിയിരുന്നു.
gdp-growth-beats-forecasts-8-2-percent-q2-india-unexpected-surge-amid-trump-tariffs
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





