ഇസ്രായേൽ-ഇറാൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇറാനിൽ കുടുങ്ങിപ്പോയ യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ടയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയായ അരാഷ് ഘദേരിയുടെ അനുഭവം ഭയാനകമാണ്. “അത്യന്തം ഭയാനകമായ അനുഭവം” എന്നാണ് 35 വയസ്സുകാരനായ ഘദേരി, ഭാര്യയോടൊപ്പം യുദ്ധഭൂമിയിൽ അകപ്പെട്ടതിനെ വിശേഷിപ്പിച്ചത്. അവധിക്ക് ഇറാനിലെത്തിയ ഇരുവരും ജൂൺ 13-ന് യുദ്ധം ആരംഭിച്ചതോടെയാണ് പ്രതിസന്ധിയിലായത്. “അന്ന് രാവിലെയാണ് ഞങ്ങൾ ബോംബ് സ്ഫോടന ശബ്ദങ്ങളും താഴേയ്ക്ക് പറക്കുന്ന ജെറ്റ് വിമാനങ്ങളുടെയും ശബ്ദം കേട്ടത്. പേടികൊണ്ട് ഞങ്ങളുടെ കുടുംബം വിങ്ങിപ്പൊട്ടി കരയുകയായിരുന്നു.
വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന്, ഘദേരിയും ഭാര്യയും ഇറാനിൽ നിന്ന് റോഡ് മാർഗം തുർക്കിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഏഴ് മണിക്കൂർ വാനിൽ യാത്ര ചെയ്ത് അതിർത്തി കടന്ന ശേഷം, 28 മണിക്കൂർ ബസ് യാത്ര ചെയ്ത അവർ ഇസ്താംബൂളിലെത്തി. അവിടെ നിന്ന് പാരിസ്, ടൊറന്റോ വഴി ജൂൺ 23-ന് എഡ്മന്റണിൽ തിരിച്ചെത്തുകയായിരുന്നു. ഞങ്ങൾ സുരക്ഷിതരായതിൽ ആശ്വാസം ഉണ്ടെങ്കിലും എഎന്റെ സഹോദരനും മാതാപിതാക്കളും ഇപ്പോഴും ഇറാനിലാണെന്നത് വേദനയുണ്ടാക്കുന്നുണ്ടെന്ന് ഘദേരി പറഞ്ഞു.
കാനഡയിലെ ഇറാനിയൻ വിദ്യാർത്ഥികളുടെ അവസ്ഥയും സങ്കീർണമാണ്. യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ടയിലെ ഇറാനിയൻ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായ സാറാ ഷാനി പറയുന്നത് ഏകദേശം 15 ഇറാനിയൻ വിദ്യാർത്ഥികൾ ഇപ്പോഴും ഇറാനിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും വിമാന സർവീസുകൾ വളരെ പരിമിതമാണ്. നിലവിൽ കാനഡയിലുള്ള ഏകദേശം 500 ഇറാനിയൻ വിദ്യാർത്ഥികളും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വ്യവസായങ്ങളും ബാങ്ക് ഇടപാടുകളും തകർന്നതിനാൽ പലരുടെയും കുടുംബങ്ങൾക്ക് പണം അയയ്ക്കാൻ കഴിയുന്നില്ലെന്ന് ഷാനി പറയുന്നു. ഇന്റർനെറ്റ് ലഭ്യമല്ലാത്ത സമയങ്ങളിൽ ബന്ധപ്പെടാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കൂടുതൽ തീവ്രതയിലേക്ക് നീങ്ങുന്നത് വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. ഇറാനിയൻ വിദ്യാർത്ഥികൾ ഇപ്പോൾ കാനഡയിൽ സുരക്ഷിതരായിരുന്നാലും, യുദ്ധഭീതിയിലായ തങ്ങളുടെ രാജ്യത്തോടുള്ള ആത്മബന്ധം അവരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.



