വാഷിംഗ്ടൺ: പ്രമുഖ ഗൃഹോപകരണ നിർമ്മാണ കമ്പനിയായ ഇലക്ട്രോലക്സ് ഗ്രൂപ്പിന്റെ ഫ്രിജിഡയർ (Frigidaire) ബ്രാൻഡ് ഗ്യാസ് ഓവനുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നതായി കമ്പനി അധികൃതർ അറിയിച്ചു. ഓവനിലെ ബേക്ക് ബേണറുകൾ കത്താൻ വൈകുന്നത് (Delayed Ignition) മൂലം തീപിടുത്തമുണ്ടാകാനും ഉപയോക്താക്കൾക്ക് പൊള്ളലേൽക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് ഈ അടിയന്തര നടപടി. കാനഡയിലും അമേരിക്കയിലുമായി വിറ്റഴിക്കപ്പെട്ട ആയിരക്കണക്കിന് ഓവനുകൾ ഇത്തരത്തിൽ സുരക്ഷാ ഭീഷണി ഉയർത്തുന്നതായി കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
അമേരിക്കയിൽ മുപ്പതു പേർക്കും കാനഡയിൽ ഒരാൾക്കും ഈ സാങ്കേതിക തകരാർ മൂലം പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. രണ്ടു രാജ്യങ്ങളിലുമായി ഏകദേശം 62 ഓളം അപകട സംഭവങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. 2025 ജൂൺ മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ വിറ്റഴിക്കപ്പെട്ട നിശ്ചിത മോഡലുകളിലാണ് ഈ തകരാർ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിൽ ഏകദേശം 1,74,800 യൂണിറ്റുകളും കാനഡയിൽ 5,318 യൂണിറ്റുകളും ഇത്തരത്തിൽ വിപണിയിൽ നിന്ന് പിൻവലിക്കേണ്ടി വരുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
ഫ്രിജിഡയർ, ഫ്രിജിഡയർ ഗാലറി, ഫ്രിജിഡയർ പ്രൊഫഷണൽ എന്നീ സീരീസുകളിലെ നിശ്ചിത മോഡലുകൾ ഉപയോഗിക്കുന്നവർ ഉടൻ തന്നെ അവയുടെ പ്രവർത്തനം നിർത്തണമെന്ന് അധികൃതർ നിർദേശിച്ചു. VF52200000 മുതൽ VF54399999 വരെയുള്ള സീരിയൽ നമ്പറുകളിലുള്ള ഓവനുകളെയാണ് ഇത് ബാധിക്കുന്നത്. ബാധിതരായ ഉപഭോക്താക്കൾ ഇലക്ട്രോലക്സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് സൗജന്യമായി ബേക്ക് ബേണറുകൾ മാറ്റിവെക്കണമെന്നും, അതുവരെ കുക്ക്‌ടോപ്പ് ബേണറുകൾ മാത്രം ഉപയോഗിക്കണമെന്നും കമ്പനി അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Frigidaire ovens recalled; warning of risk of burns



