ഒട്ടാവ: കാനഡയിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അടുത്തിരിക്കെ, സാധാരണക്കാരെ സഹായിക്കുന്നതിനായി രാജ്യത്തുടനീളം സൗജന്യ ടാക്സ് ക്ലിനിക്കുകൾ സജീവമാകുന്നു. കുറഞ്ഞ വരുമാനമുള്ളവർക്കും ലളിതമായ ടാക്സ് ഫയലിംഗ് ആവശ്യമുള്ളവർക്കുമായാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, പുതിയ കുടിയേറ്റക്കാർ (Newcomers), ഭിന്നശേഷിക്കാർ എന്നിവർക്ക് ഈ ക്ലിനിക്കുകൾ വഴി തങ്ങളുടെ നികുതി വിവരങ്ങൾ എളുപ്പത്തിൽ സമർപ്പിക്കാം.
ബ്രിട്ടീഷ് കൊളംബിയയിലെ കോമോക്സ് വാലി ലയൺസ് ക്ലബ്ബ് ഇതിന് മികച്ച ഉദാഹരണമാണ്. കഴിഞ്ഞ 30 വർഷമായി ഇവർ മുടങ്ങാതെ ഈ സേവനം നൽകിവരുന്നു. റിട്ടയർ ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്റായ ഡോൺ ജാക്വസ്റ്റ് ഉൾപ്പെടെയുള്ള വോളന്റിയർമാർ ഓരോ വർഷവും 700-ഓളം പേരെയാണ് ഇവിടെ സഹായിക്കുന്നത്. ഇത്തരം ക്ലിനിക്കുകൾ വഴി ടാക്സ് ഫയൽ ചെയ്യുന്നത് വഴി സർക്കാർ നൽകുന്ന ഓൾഡ് ഏജ് സെക്യൂരിറ്റി, ചൈൽഡ് ടാക്സ് ബെനഫിറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ഗുണഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 2024-ൽ മാത്രം രാജ്യത്തുടനീളമുള്ള 18,000 വോളന്റിയർമാർ വഴി ഏകദേശം പത്ത് ലക്ഷത്തോളം ടാക്സ് റിട്ടേണുകൾ സമർപ്പിക്കപ്പെട്ടു. ഇതിലൂടെ 2.4 ബില്യൺ ഡോളറിന്റെ ആനുകൂല്യങ്ങളാണ് ജനങ്ങൾക്ക് ലഭിച്ചത്.
നികുതി സമർപ്പണം എളുപ്പമാക്കാൻ ‘സിമ്പിൾ ഫയൽ’ (SimpleFile) എന്ന ഡിജിറ്റൽ സേവനവും സിആർഎ വിപുലീകരിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് ഏപ്രിൽ 30 വരെയും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ജൂൺ 15 വരെയുമാണ് നികുതി റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. അർഹമായ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ താമസിയാതെ തന്നെ നികുതി വിവരങ്ങൾ ഫയൽ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tax filing deadline approaches; free tax filing clinics active across Canada



