മോണ്ട്രിയൽ: പ്രശസ്ത വസ്ത്ര വ്യാപാര ശൃംഖലയായ ‘Frank and Oak’ തങ്ങളുടെ 14 സ്റ്റോറുകളും അടുത്ത ആഴ്ചകളിൽ അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നു. കമ്പനിയുടെ ബ്രാൻഡ് അവകാശങ്ങൾ മോണ്ട്രിയലിലെ തന്നെ ലമൂർ ഗ്രൂപ്പ്, ത്രെഡ് കളക്ടീവ് ഇൻക് എന്നീ കമ്പനികൾക്ക് കൈമാറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എന്നാൽ ഓൺലൈൻ വഴിയുള്ള വിൽപ്പന തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ക്യുബെക്ക് സുപ്രീം കോടതി ‘Frank and Oak’ ബ്രാൻഡിന്റെ വിൽപ്പനയ്ക്ക് അനുമതി നൽകിയതിനെ തുടർന്നാണ് ഈ പ്രഖ്യാപനം. ബ്രാൻഡ് ഇപ്പോഴും നിലനിൽക്കുകയും കാനഡക്കാരായ ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി സേവനം തുടരുകയും ചെയ്യുമെങ്കിലും, കമ്പനിയുടെ മാതൃ സ്ഥാപനമായ യുജിസി കാനഡ ഹോൾഡിംഗ്സ് Inc പാപ്പരത്തം വരിക്കാനും പ്രവർത്തനം അവസാനിപ്പിക്കാനും ഒരുങ്ങുകയാണ്.
കോവിഡ്-19 മഹാമാരിയും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും മൂലമുണ്ടായ സാമ്പത്തിക വെല്ലുവിളികൾ ചൂണ്ടിക്കാട്ടി ഫ്രാങ്ക് ആൻഡ് ഓക് കഴിഞ്ഞ ഡിസംബറിൽ പുനഃസംഘടനാ നോട്ടീസ് നൽകിയിരുന്നു. ഫിസിക്കൽ സ്റ്റോറുകൾ നിർത്തലാക്കി പൂർണമായും ഓൺലൈൻ വിൽപ്പനയിലേക്ക് മാറുന്നതിലൂടെ കമ്പനിയുടെ ഭാവി സംരക്ഷിക്കാനാണ് ഇപ്പോഴത്തെ നീക്കങ്ങൾ.



