ഒട്ടാവ: കാനഡയുടെ മുൻ ഉപപ്രധാനമന്ത്രിയും പ്രമുഖ ലിബറൽ നേതാവുമായ ക്രിസ്റ്റ്യ ഫ്രീലാൻഡ് പാർലമെന്റ് അംഗത്വം രാജിവെക്കുന്നു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ സാമ്പത്തിക വികസന ഉപദേഷ്ടാവായി നിയമിതയായതിന് പിന്നാലെയാണ് വരും ആഴ്ചകളിൽ എംപി സ്ഥാനം ഒഴിയുമെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. ജനാധിപത്യത്തിന് വേണ്ടിയുള്ള ആഗോള പോരാട്ടത്തിന്റെ മുൻനിരയിലാണ് യുക്രെയ്നെന്നും, പ്രസിഡന്റിന്റെ ഉപദേഷ്ടാവായി പ്രതിഫലം വാങ്ങാതെ പ്രവർത്തിക്കാനുള്ള അവസരം സ്വാഗതം ചെയ്യുന്നുവെന്നും അവർ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ യുക്രെയ്ൻ പുനർനിർമ്മാണത്തിനായുള്ള കാനഡയുടെ പ്രത്യേക പ്രതിനിധിയായി ഫ്രീലാൻഡ് ചുമതലയേറ്റിരുന്നു. അന്ന് ഗതാഗത-ആഭ്യന്തര വ്യാപാര മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും പാർലമെന്റ് അംഗമായി തുടരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പുതിയ അന്താരാഷ്ട്ര ചുമതലകൾ ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ് ടൊറന്റോയിലെ യൂണിവേഴ്സിറ്റി-റോസ്‌ഡെയ്‌ൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി സ്ഥാനം കൂടി അവർ ഒഴിഞ്ഞത്.
സെലെൻസ്‌കിയുടെ ആവശ്യപ്രകാരം യുക്രെയ്ൻ പുനർനിർമ്മാണത്തിനായി അന്താരാഷ്ട്ര ഉപദേശക സമിതി രൂപീകരിക്കുന്നതിലാകും ഫ്രീലാൻഡ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ക്രിസ്റ്റ്യ ഫ്രീലാൻഡിന്റെ സേവനങ്ങൾക്ക് പ്രധാനമന്ത്രി മാർക്ക് കാർണി നന്ദി രേഖപ്പെടുത്തി. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഏറ്റവും യോഗ്യയായ വ്യക്തിയാണ് ഫ്രീലാൻഡ് എന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു.
ജസ്റ്റിൻ ട്രൂഡോ ഭരണകാലത്ത് അഞ്ചുവർഷത്തോളം ഉപപ്രധാനമന്ത്രിയായിരുന്ന ഫ്രീലാൻഡ്, ധനകാര്യം, വിദേശകാര്യം തുടങ്ങി നിർണ്ണായകമായ പല വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. 2024 ഡിസംബറിൽ ട്രൂഡോ മന്ത്രിസഭയിൽ നിന്ന് രാജിവെച്ച അവർ പിന്നീട് ലിബറൽ പാർട്ടി നേതൃസ്ഥാനത്തേക്ക് മാർക്ക് കാർണിക്കെതിരെ മത്സരിച്ചിരുന്നു.
പത്രപ്രവർത്തകയായി ജീവിതം ആരംഭിച്ച ഫ്രീലാൻഡ് 2013-ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. യുക്രേനിയൻ വംശജയായ അവർക്ക് യുക്രെയ്നിലും റഷ്യയിലും രണ്ട് പതിറ്റാണ്ടോളം മാധ്യമപ്രവർത്തകയായി പ്രവർത്തിച്ച പരിചയസമ്പത്തുണ്ട്. കാനഡയിൽ പത്ത് വർഷത്തോളം മന്ത്രിസ്ഥാനം വഹിച്ച ഫ്രീലാൻഡിന്റെ പടിയിറക്കം കനേഡിയൻ രാഷ്ട്രീയത്തിൽ ഒരു കാലഘട്ടത്തിന്റെ അവസാനമായാണ് വിലയിരുത്തപ്പെടുന്നത്. വരും ആഴ്ചകളിൽ ഇവർ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.
former-deputy-prime-minister-chrystia-freeland-to-resign-from-parliament
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



