കാൽഗറി: ദീർഘകാലത്തെ കാത്തിരിപ്പിനും രാഷ്ട്രീയ ചർച്ചകൾക്കും വിരാമമിട്ട് കാൽഗറി നഗരത്തിന്റെ കുടിവെള്ളത്തിൽ ഫ്ലൂറൈഡ് ചേർക്കുന്നത് ഔദ്യോഗികമായി പുനരാരംഭിച്ചു. 2021-ലെ മുനിസിപ്പൽ ഹിതപരിശോധനയിൽ ഫ്ലൂറിഡേഷന് അനുകൂലമായി വോട്ട് ചെയ്ത പൗരന്മാരുടെ താൽപ്പര്യം മാനിച്ചാണ് 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ നടപടി പ്രാബല്യത്തിൽ വന്നത്. നഗരത്തിലെ 61 ശതമാനത്തിലധികം വോട്ടർമാർ ഈ പൊതുജനാരോഗ്യ സംരംഭത്തെ പിന്തുണച്ച് ഏകദേശം നാല് വർഷത്തിനു ശേഷമാണ്, തിങ്കളാഴ്ച മുതൽ ഫ്ലൂറൈഡ് കൂട്ടിച്ചേർക്കാൻ തുടങ്ങിയതെന്ന് അധികൃതർ അറിയിച്ചു.
പല്ലിന്റെ ഇനാമൽ ശക്തിപ്പെടുത്താനും ദന്തക്ഷയം തടയാനും സഹായിക്കുന്ന ഫ്ലൂറിഡേഷൻ, 1991 മുതൽ 2011 വരെ കാൽഗറിയിൽ നിലവിലുണ്ടായിരുന്നെങ്കിലും പിന്നീട് സിറ്റി കൗൺസിൽ ഇത് നിർത്തലാക്കാൻ വോട്ട് ചെയ്യുകയായിരുന്നു. ആഗോളതലത്തിലെ വിതരണ ശൃംഖല നേരിട്ട വെല്ലുവിളികളും, ആവശ്യമായ അടിസ്ഥാന സൗകര്യ വികസനവും മൂലം പദ്ധതിയുടെ പ്രാരംഭ ലക്ഷ്യമായ 2024 സെപ്റ്റംബറിൽ നിന്ന് മാറി ഈ വേനൽക്കാലത്തേക്ക് നീണ്ടതിന് ശേഷമാണ് ഫ്ലൂറൈഡ് ചെർക്കൽ വീണ്ടും ആരംഭിക്കുന്നത്.
ശുദ്ധീകരിച്ച വെള്ളത്തിൽ ഇപ്പോൾ ഒരു ലിറ്ററിന് 0.7 മില്ലിഗ്രാം ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ടെന്ന് നഗര ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇത് ഹെൽത്ത് കാനഡയുടെ ശുപാർശ ചെയ്ത നിലവാരത്തിന് അനുസൃതമാണ്. ഈ അളവ് സുരക്ഷിതവും ഫലപ്രദവുമാണെന്നും, രുചിയിലോ കാഴ്ചയിലോ യാതൊരു മാറ്റവും ഉണ്ടാക്കില്ലെന്നും പൊതുജനാരോഗ്യ ഏജൻസികളും ഗവേഷകരും ഉൾപ്പെടെയുള്ള വിദഗ്ധർ വ്യക്തമാക്കുന്നു.
സ്ഥിരമായി വായ ശുചിത്വം പാലിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾ, ദീർഘകാല പരിചരണത്തിലുള്ള മുതിർന്നവർ, കൃത്യമായ ദന്തപരിചരണം ലഭ്യമല്ലാത്തവർ തുടങ്ങിയവർക്ക് ഫ്ലൂറൈഡ് പ്രത്യേകിച്ച് ഗുണം ചെയ്യുമെന്ന് കാൽഗറി സർവകലാശാല പ്രൊഫസർ ഡോ. ജെയിംസ് ഡിക്കിൻസൺ ചൂണ്ടിക്കാട്ടി.
ഫ്ലൂറിഡേഷനുവേണ്ടി ദീർഘകാലമായി ശബ്ദമുയർത്തിയിരുന്ന ‘കാൽഗറിയൻസ് ഫോർ കിഡ്‌സ്’ ഹെൽത്തിന്റെ പ്രസിഡന്റ് ജൂലിയറ്റ് ഗിച്ചോൺ, ഈ തീരുമാനത്തിന്റെ ജനാധിപത്യപരമായ സ്വഭാവത്തെ അഭിനന്ദിച്ചു. “വോട്ടർമാർ തങ്ങളുടെ ആരോഗ്യത്തിന് വലിയ മൂല്യം കൽപ്പിക്കുന്നു, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അതിനെ പിന്തുണയ്ക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു,” അവർ പറഞ്ഞു. “ഇത് കാൽഗറിയിലെ ഓരോ വ്യക്തിയുടെയും ദന്താരോഗ്യ സംരക്ഷണത്തിനുള്ള ആവശ്യം അംഗീകരിക്കുന്ന നടപടിയാണ്. കാലക്രമേണ, ദന്തക്ഷയം ഗണ്യമായി കുറയുന്നതിലൂടെ ഇതിന്റെ നേട്ടങ്ങൾ നമുക്ക് കാണാൻ സാധിക്കും.”
കാൽഗറിയിൽ നിന്നുള്ള കുടിവെള്ളം ലഭിക്കുന്ന ചെസ്റ്റർമിയർ, ഐർഡ്‌രീ, സ്ട്രാത്‌മോർ, ഫൂട്ട്ഹിൽസ്, റോക്കി വ്യൂ കൗണ്ടികളുടെ ചില ഭാഗങ്ങൾ, റ്റ്സൂട്ടിന നേഷൻ തുടങ്ങിയ സമീപ പ്രദേശങ്ങളെയും ഫ്ലൂറൈഡ് കൂട്ടിച്ചേർക്കുന്ന ഈ തീരുമാനം ബാധിക്കും. ഇതോടെ, എഡ്മന്റൺ, റെഡ് ഡീർ, ടൊറോന്റോ, വിന്നിപെഗ് തുടങ്ങിയ കാനഡയിലെ മറ്റ് പ്രമുഖ നഗരങ്ങൾക്കൊപ്പം സാമൂഹിക ജല ഫ്ലൂറിഡേഷൻ ഒരു പ്രധാന പൊതുജനാരോഗ്യ തന്ത്രമായി നിലനിർത്തുന്ന നഗരങ്ങളുടെ പട്ടികയിലേക്ക് കാൽഗറിയും ചേരും






