ക്യുബെക് സർക്കാർ വെള്ളപ്പൊക്ക മേഖലകൾക്കായുള്ള പുതിയ നിയന്ത്രണ ചട്ടക്കൂടിന് അംഗീകാരം നൽകി. പുതിയ ഭൂപടങ്ങൾ പ്രകാരം നിലവിലുള്ള വെള്ളപ്പൊക്ക മേഖലകൾ 30 ശതമാനം വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി മന്ത്രി ബെനോയിറ്റ് ഷാരെറ്റ് അറിയിച്ചു. നിലവിൽ ഏകദേശം 25,000 വീടുകളാണ് വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ സ്ഥിതി ചെയ്യുന്നത്. ഇത് 30 ശതമാനം വർധിച്ച് 35,000 ആയി ഉയരുമെന്ന് മന്ത്രി പറഞ്ഞു.
പുതിയ വെള്ളപ്പൊക്ക മേഖലകൾ ഉണ്ടാക്കുകയല്ല, മറിച്ച് നിലവിലുള്ളവ തിരിച്ചറിയുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ജൂണിൽ, ക്യുബെക്കിലെ പരിസ്ഥിതി മന്ത്രാലയം പുതിയ രീതി അനുസരിച്ച് ഏകദേശം 77,000 വീടുകൾ വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലാണെന്ന് കണക്കാക്കിയിരുന്നു. എന്നാൽ ഈ കണക്ക് പിന്നീട് കുറച്ചു. പുതിയ ചട്ടക്കൂട് 2026 മാർച്ചിൽ മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ.
കാലാവസ്ഥാ വ്യതിയാനം നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് മന്ത്രാലയം പറയുന്നു. നിലവിൽ 20, മുതൽ100 വർഷം എന്നിങ്ങനെയുള്ള ആവർത്തന ഇടവേളകളാണ് വെള്ളപ്പൊക്ക പ്രദേശങ്ങളിൽ ഉപയോഗിക്കുന്നത്. പുതിയ വെള്ളപ്പൊക്ക മേഖലകളിലെ താമസക്കാരെ നിയന്ത്രണങ്ങൾ അറിയിക്കുന്നതിൽ പരാജയപ്പെട്ടതിനും കൂടിയാലോചനകൾക്ക് തിടുക്കം കാണിച്ചതിനും ക്യുബെക്ക് സർക്കാരിനെ മുനിസിപ്പാലിറ്റികൾ വിമർശിച്ചു.
ഇതിന്റെ ഫലമായി, മോൺട്രിയൽ മെട്രോപൊളിറ്റൻ കമ്മ്യൂണിറ്റി (CMM) കഴിഞ്ഞ വർഷം പ്രാഥമിക ഭൂപടങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ കുറേ മാസങ്ങളിലായി 380-ൽ അധികം രേഖകളും 2,200-ൽ അധികം അഭിപ്രായങ്ങളും ശുപാർശകളും സർക്കാർ പരിശോധിച്ചതായി അവകാശപ്പെടുന്നു. ഇവയെല്ലാം പരിഗണിച്ചാണ് സർക്കാർ ഈ ആഴ്ച അംഗീകരിച്ച നിയന്ത്രണ ചട്ടക്കൂടിൽ എത്തിച്ചേർന്നത്.



