മോൺട്രിയൽ/ടൊറൻ്റോ: കാനഡയുടെ കിഴക്കൻ പ്രവിശ്യകളിൽ അതിശക്തമായ ശീതക്കാറ്റും ഐസ് മഴയും തുടരുന്നതിനെത്തുടർന്ന് ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. ഒന്റാറിയോ, ക്യുബെക്ക്, നോവ സ്കോഷ്യ എന്നിവിടങ്ങളിൽ കനത്ത ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. മോൺട്രിയൽ, ഒട്ടാവ മേഖലകളിൽ ഐസ് മഴയെത്തുടർന്ന് റോഡുകളിലും നടപ്പാതകളിലും കട്ടിയുള്ള ഐസ് പാളികൾ രൂപപ്പെട്ടത് കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഒരുപോലെ അപകടത്തിലാക്കി. മോൺട്രിയലിൽ ഐസിൽ തെന്നിവീണ് പരിക്കേറ്റവരുടെ എണ്ണം കുതിച്ചുയരുകയാണ്; ഓരോ മണിക്കൂറിലും നൂറിലധികം അപകട കോളുകളാണ് ആംബുലൻസ് സർവീസുകൾക്ക് ലഭിക്കുന്നത്.
മോശം കാലാവസ്ഥയെത്തുടർന്ന് ഗതാഗത മേഖല വലിയ പ്രതിസന്ധിയിലാണ്. ടൊറൻ്റോ പിയേഴ്സൺ വിമാനത്താവളത്തിൽ അറുപതിലധികം വിമാനങ്ങൾ വൈകുകയും പത്തോളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. മോൺട്രിയൽ വിമാനത്താവളത്തിലെ പന്ത്രണ്ട് ശതമാനത്തോളം സർവീസുകളെയും കാലാവസ്ഥ ബാധിച്ചു. വിയ റെയിൽ തങ്ങളുടെ പ്രധാന റൂട്ടുകളിലെ ട്രെയിനുകൾ റദ്ദാക്കി. വടക്കൻ ഒന്റാറിയോയിൽ കാഴ്ചപരിധി പൂർണ്ണമായും മറഞ്ഞതോടെ പല പ്രധാന ഹൈവേകളും പോലീസ് അടച്ചുപൂട്ടി. ടിമ്മിൻസ് പോലുള്ള സ്ഥലങ്ങളിൽ രണ്ടടിയോളം മഞ്ഞ് വീണുകിടക്കുന്നത് രക്ഷാപ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്.
കനത്ത കാറ്റിലും ഐസ് മഴയിലും മരങ്ങൾ കടപുഴകി വീണതോടെ ഒന്റാറിയോ, ക്യുബെക്ക്, ന്യൂ ബ്രൺസ്‌വിക്ക് എന്നിവിടങ്ങളിൽ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു. മോൺട്രിയലിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലും നോവ സ്കോഷ്യയിൽ ചിലയിടങ്ങളിൽ 140 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് എൻവയോൺമെൻ്റ് കാനഡ അറിയിച്ചു. താപനില പെട്ടെന്ന് ഉയരുകയും പിന്നീട് അതിവേഗം പൂജ്യം ഡിഗ്രിക്ക് താഴേക്ക് പതിക്കുകയും ചെയ്തത് റോഡുകളിൽ ഐസ് ഉറഞ്ഞുകൂടാൻ കാരണമായിട്ടുണ്ട്. അത്യാവശ്യക്കാർ അല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Flights cancelled as freezing rain, blizzard conditions wallop Eastern Canada



