ന്യൂ ബ്രണ്‍സ്വിക്: ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയില്‍ ഫസ്റ്റ് നേഷന്‍സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ലൈസന്‍സുള്ള ദീര്‍ഘകാല വയോജന പരിചരണ കേന്ദ്രം സ്ഥാപിക്കുന്നു. എല്‍സിപോഗ്‌ടോഗ് ഫസ്റ്റ് നേഷന്‍ സമൂഹത്തിന് സമീപമുള്ള ഫൈവ് റിവേഴ്സിലാണ് 60 കിടക്കകളുള്ള കേന്ദ്രം ആരംഭിക്കുന്നത്. പ്രായമായ ഫസ്റ്റ് നേഷന്‍സ് അംഗങ്ങള്‍ക്കും പ്രദേശത്തെ മറ്റ് വയോജനങ്ങള്‍ക്കും അവരുടെ സംസ്‌കാരവും പാരമ്പര്യവും മാനിച്ചുള്ള പരിചരണം ഇവിടെ ലഭ്യമാകും.

ഗ്രഹാം റോഡില്‍ സ്ഥാപിക്കുന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനം വ്യാഴാഴ്ച എല്‍സിപോഗ്‌ടോഗ് ഫസ്റ്റ് നേഷന്‍ സമൂഹത്തില്‍ നടന്നു. സമൂഹത്തിലെ മുതിര്‍ന്നവരെയും ഭിന്നശേഷിക്കാരെയും പരിപാലിക്കുന്നത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് എല്‍സിപോഗ്‌ടോഗ് ഫസ്റ്റ് നേഷന്‍ മേധാവി ആരന്‍ സോക്ക് പറഞ്ഞു. പരിചരണത്തിന്റെ അടിസ്ഥാനമായി മിക്മാക് ഭാഷയെ ഉള്‍പ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ലൈസന്‍സ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആകെ 60 കിടക്കകളില്‍ 24 എണ്ണം ചലനശേഷിക്കും ദൈനംദിന കാര്യങ്ങള്‍ക്കും സഹായം ആവശ്യമുള്ളവര്‍ക്കായി മാറ്റിവയ്ക്കും. ഓര്‍മക്കുറവും കൂടുതല്‍ പരിചരണവും ആവശ്യമുള്ളവര്‍ക്കായി 24 കിടക്കകളും സങ്കീര്‍ണമായ ആരോഗ്യ-പരിചരണ ആവശ്യങ്ങളുള്ളവര്‍ക്ക് മുഴുവന്‍ സമയ നഴ്സിങ് പരിചരണം നല്‍കാന്‍ 12 കിടക്കകളും ഒരുക്കും.
ALSO READ: ഒന്റാരിയോയില്‍ 5.11 ലക്ഷത്തിലേറെ പേര്‍ക്ക് പ്രാഥമിക ആരോഗ്യപരിചരണം ഉറപ്പാക്കി
ന്യൂ ബ്രണ്‍സ്വിക് പ്രീമിയര്‍ സൂസന്‍ ഹോള്‍ട്ടും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമ ചുമതലയുള്ള മന്ത്രി ലൈന്‍ ചന്താല്‍ ബുദ്രോയും പ്രഖ്യാപനത്തില്‍ പങ്കെടുത്തു. വയോജനങ്ങള്‍ക്ക് കുടുംബത്തിനും സ്വന്തം സമൂഹത്തിനും അടുത്ത്, അവരുടെ പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും മാനിക്കുന്ന അന്തരീക്ഷത്തില്‍ മികച്ച പരിചരണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഹോള്‍ട്ട് പറഞ്ഞു.
പുതിയ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ആശുപത്രികളുടെ തിരക്ക് കുറയ്ക്കാനും വയോജനങ്ങള്‍ക്ക് വീടിനടുത്ത് തന്നെ ആവശ്യമായ പരിചരണം ഉറപ്പാക്കാനും കഴിയുമെന്നാണ് പ്രവിശ്യാ സര്‍ക്കാരിന്റെ പ്രതീക്ഷ. പദ്ധതിയുടെ ചെലവ് എത്രയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
ന്യൂ ബ്രണ്‍സ്വിക്കിലുടനീളം ദീര്‍ഘകാല പരിചരണ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റില്‍ 360 കിടക്കകള്‍ കൂടി ഒരുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. വയോജന പരിചരണ മേഖലയിലെ ശേഷി വര്‍ധിപ്പിക്കാനും സേവനങ്ങള്‍ മെച്ചപ്പെടുത്താനും ആകെ 99.3 കോടി കനേഡിയന്‍ ഡോളറിന്റെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പുതിയ 360 കിടക്കങ്ങള്‍ക്കായി പ്രതിവര്‍ഷം ഏകദേശം ഒന്‍പത് കോടി ഡോളര്‍ ചെലവാകുമെന്നാണ് കണക്ക്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘First Nations Senior Care Home in New Brunswick’




