കാനഡയിലെ പൗരത്വ നിയമത്തിലെ വിവാദപരമായ ഫസ്റ്റ് ജനറേഷൻ പരിധി (First Generation Limit – FGL) പരിഷ്കരിക്കുന്നതിന് ഫെഡറൽ സർക്കാരിന് ഡിസംബർ വരെ സമയം അനുവദിച്ച് ഒന്റാറിയോ സുപീരിയർ കോടതി ഉത്തരവിട്ടു. ജഡ്ജി ജാസ്മിൻ അക്ബറാലിയുടെ നേതൃത്വത്തിൽ എപ്രിൽ 22-ന് പുറപ്പെടുവിച്ച വിധിയിൽ, പുതിയ നിയമം കൊണ്ടുവരാനുള്ള സമയപരിധി നവംബർ 20, 2025 വരെ നീട്ടിക്കൊടുത്തു.
നിലവിലെ ഫസ്റ്റ് ജനറേഷൻ പരിധി പ്രകാരം, വിദേശത്ത് ജനിച്ച കാനഡക്കാരുടെ മക്കൾക്ക് സ്വയമേവ കനേഡിയാൻ പൗരത്വം ലഭിക്കില്ല. അതായത്, കാനഡക്കാരായ മാതാപിതാക്കളുടെ മക്കളായിട്ടും, അവർ വിദേശത്ത് ജനിച്ചു എന്ന കാരണത്താൽ ഈ കുട്ടികൾക്ക് കാനഡയുടെ പൗരത്വം നിഷേധിക്കപ്പെടുന്നു. ഇത് കാനഡയുടെ ഭരണഘടനയിൽ ഉറപ്പുനൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് കോടതി നേരത്തെ തന്നെ വിധിച്ചിരുന്നു.
ഫെഡറൽ സർക്കാർ ഈ വിധിക്കെതിരെ അപ്പീൽ പോകാതെ, 2024-ൽ Bill C-71 എന്ന പേരിൽ ഒരു നിയമബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ പാർലമെന്റ് പിരിഞ്ഞതോടെ ഈ ബിൽ നിയമമാകാതെ മരവിച്ചു. തുടർന്ന്, സർക്കാർ ഫസ്റ്റ് ജനറേഷൻ പരിധി ബാധിക്കുന്നവർക്ക് “ഡിസ്ക്രീഷണറി ഗ്രാന്റ്” എന്ന സംവിധാനത്തിലൂടെ പൗരത്വം നൽകാനുള്ള താൽക്കാലിക നടപടികൾ സ്വീകരിച്ചു.
ഇപ്പോൾ കോടതി അനുവദിച്ച എട്ടുമാസത്തെ സമയപരിധിക്കുള്ളിൽ പുതിയ നിയമം കൊണ്ടുവരാതിരുന്നാൽ, കോടതി തന്നെ നിലവിലെ പൗരത്വ നിയമത്തിലെ വിവേചനപരമായ വകുപ്പുകൾ റദ്ദാക്കാൻ സാധ്യതയുണ്ട്.
എന്നാൽ പകരം നിയമം കൊണ്ടുവരാതെ നിലവിലെ നിയമം റദ്ദാക്കിയാൽ പൊതുജനങ്ങളുടെ താല്പര്യങ്ങൾ ബാധിക്കപ്പെടുമെന്ന് ജഡ്ജി അക്ബറാലി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ കർശന നിലപാട്, പുതിയതായി അധികാരത്തിൽ വരുന്ന സർക്കാർ ഈ വിഷയത്തിന് മുൻഗണന നൽകണമെന്ന നിർദ്ദേശമായാണ് വിദഗ്ധർ വിലയിരുത്തുന്നത്. പൗരത്വ നിയമത്തിലെ അവ്യക്തതകളും അവകാശലംഘനങ്ങളും പരിഹരിക്കേണ്ടത് പാർലമെന്റിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി ശക്തമായി ഓർമിപ്പിച്ചിട്ടുണ്ട്.






