ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു (BMW) ചില മോഡൽ വാഹനങ്ങളിൽ തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കാറുകൾ തിരിച്ചുവിളിക്കുന്നു. വാഹനങ്ങളിലെ സ്റ്റാർട്ടർ മോട്ടോറിലുണ്ടായ തകരാറാണ് ഈ വലിയ റീക്കോളിന് കാരണമായിരിക്കുന്നത്. വാഹനത്തിന്റെ സ്റ്റാർട്ടർ മോട്ടോറിലേക്ക് വെള്ളം കയറി നാശമുണ്ടാക്കാനും (corrosion), ഇത് ഷോർട്ട് സർക്യൂട്ടിന് വഴിവെക്കാനും, ഏറ്റവും മോശം സാഹചര്യങ്ങളിൽ തീപിടിത്തത്തിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചു.
ഏകദേശം 2015 നും 2021 നും ഇടയിൽ നിർമ്മിച്ച വിവിധ മോഡൽ കാറുകളെയാണ് റീക്കോൾ ബാധിക്കുന്നത്. ആഗോളതലത്തിൽ 3,31,000-ൽ അധികം വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇതിൽ യു.എസിൽ മാത്രം ഏകദേശം 1,95,000 കാറുകളുണ്ട്. സുരക്ഷാ മുന്നറിയിപ്പിന്റെ ഭാഗമായി, തകരാർ പരിഹരിക്കുന്നത് വരെ ഉടമകൾ തങ്ങളുടെ വാഹനങ്ങൾ കെട്ടിടങ്ങളിൽ നിന്നും മറ്റ് വാഹനങ്ങളിൽ നിന്നും അകറ്റി, പുറത്ത് സുരക്ഷിതമായ സ്ഥലത്ത് പാർക്ക് ചെയ്യണമെന്ന് ബിഎംഡബ്ല്യു നിർദ്ദേശിച്ചിട്ടുണ്ട്.
റീക്കോൾ ചെയ്യപ്പെടുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും തകരാറുള്ള ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്നതും സൗജന്യമായിരിക്കും. സ്റ്റാർട്ടർ മോട്ടോറാണ് പ്രധാനമായും മാറ്റിസ്ഥാപിക്കുക, ചില വാഹനങ്ങളിൽ ബാറ്ററിയും മാറ്റി നൽകും. ആവശ്യമായ പാർട്‌സുകളുടെ ലഭ്യത കുറവായതിനാൽ റീക്കോൾ നടപടികൾ ഘട്ടം ഘട്ടമായിട്ടായിരിക്കും നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട ആദ്യ അറിയിപ്പുകൾ നവംബർ 14 മുതൽ ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങുമെന്നും കമ്പനി വ്യക്തമാക്കി. വാഹനം റീക്കോളിന്റെ പരിധിയിൽ വരുമോ എന്നതിനെക്കുറിച്ച് സംശയമുള്ള ഉടമകൾക്ക് അംഗീകൃത ബിഎംഡബ്ല്യു ഡീലർഷിപ്പുകളുമായി ബന്ധപ്പെടാവുന്നതാണ്.
Fire risk: Hundreds of thousands of BMW cars recalled worldwide
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82






