ന്യൂ ബ്രൺസ്‌വിക്ക്: ന്യൂ ബ്രൺസ്‌വിക്കിലുള്ള ഡോക്‌ടൗണിൽ പ്രവർത്തിച്ചിരുന്ന ഒരു മോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ 21 പേർക്ക് കിടപ്പാടം നഷ്ടമായി. ദീർഘകാലമായി താമസസ്ഥലമായി ഉപയോഗിച്ചിരുന്ന ‘ടെയ്‌ലേഴ്‌സ് മോട്ടൽ’ പൂർണ്ണമായും കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചെ 2:30 ഓടെയാണ് തീപിടിത്തം ഉണ്ടായത്.
കെട്ടിടം അതിവേഗം കത്തിയമർന്നെങ്കിലും വലിയൊരു ദുരന്തമാണ് ഒഴിവായത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നവരെ മുഴുവൻ ആളുകളെയും ഉണർത്തി പുറത്തെത്തിക്കാൻ മുൻകൈ എടുത്ത യുവതിയുടെ ധീരതയാണ് എല്ലാവരുടെയും ജീവൻ രക്ഷിച്ചത്. കൃത്യസമയത്ത് യുവതിയുടെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ വലിയൊരു ദുരന്തം സംഭവിച്ചേനെ എന്ന് ഡോക്‌ടൗൺ മേയർ കാൾ പ്രൈസ് വ്യക്തമാക്കി. കെട്ടിടത്തിലുണ്ടായിരുന്ന 21 പേർക്കും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടാനായി.
പത്ത് കുടുംബങ്ങളാണ് ഈ മോട്ടലിൽ താമസിച്ചിരുന്നത്. കുട്ടികളടക്കമുള്ള ഇവർക്ക് താൽക്കാലിക താമസസൗകര്യം കനേഡിയൻ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനകം തന്നെ കടുത്ത ഭവനക്ഷാമം നേരിടുന്ന പ്രദേശമാണ് ഡോക്‌ടൗൺ. അതുകൊണ്ടുതന്നെ, ഈ സംഭവം പ്രദേശവാസികളെ ഏറെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. അഗ്നിശമന സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിലൂടെയാണ് തീയണയ്ക്കാൻ സാധിച്ചത്. സംഭവത്തിൽ തുടർന്നുള്ള സഹായങ്ങൾ ലഭ്യമാക്കാൻ കനേഡിയൻ റെഡ് ക്രോസ് അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മേയർ അറിയിച്ചു.
Fire displaces 21 people from Doaktown, N.B
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






