സമ്മർസൈഡ്:പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ (P.E.I.) സമ്മർസൈഡ് നഗരത്തിൽ പ്രവർത്തിക്കുന്ന സോളാർ ഫാമിലെ ബാറ്ററി സംഭരണ ശാലയിൽ വൻ തീപിടുത്തം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ‘സമ്മർസൈഡ് സൺബാങ്ക് സോളാർ/ബാറ്ററി ഫാമിൽ’ തിങ്കളാഴ്ച രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്.ബാറ്ററികൾ കത്തുമ്പോഴുണ്ടാകുന്ന വിഷപ്പുക പടരാൻ സാധ്യതയുള്ളതിനാൽ സമീപവാസികൾക്ക് അധികൃതർ ‘ഷെൽട്ടർ ഇൻ പ്ലേസ്’ മുന്നറിയിപ്പ് നൽകി. സൗത്ത് ഡ്രൈവ് മേഖലയിലുള്ള ജനങ്ങളോട് വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടാനും വെന്റിലേഷൻ സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും റോഡ് യാത്ര ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിൽ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും, പ്രദേശത്ത് അപകടസാധ്യത ഒഴിവാക്കാൻ അഗ്നിശമന സേനാംഗങ്ങൾ രാത്രി വൈകിയും തുടരുമെന്ന് നഗരസഭ അറിയിച്ചു. ബാറ്ററി തീപിടുത്തങ്ങൾ അണയ്ക്കുന്നത് ഏറെ സങ്കീർണ്ണമാണെന്ന് സിറ്റി വക്താവ് ടാനർ ഡോയിറോൺ വ്യക്തമാക്കി. ബാറ്ററികളിലേക്ക് നേരിട്ട് വെള്ളമൊഴിച്ച് തീ അണയ്ക്കാൻ കഴിയില്ല. മഞ്ഞ് രൂപത്തിൽ വെള്ളം തളിച്ച് വളരെ ശ്രദ്ധയോടെ മാത്രമേ ഇത്തരം തീപിടുത്തങ്ങൾ നിയന്ത്രണവിധേയമാക്കാൻ സാധിക്കൂ.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
2024-ൽ പ്രവർത്തനം ആരംഭിച്ച ഈ സോളാർ ഫാമിന് 21.6 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുണ്ട്. നിലവിൽ 2,500-ലധികം വീടുകളിലേക്ക് ആവശ്യമായ വൈദ്യുതി ഇവിടെനിന്നാണ് ലഭിക്കുന്നത്. കാറ്റാടിപ്പാടങ്ങളും സോളാർ ഫാമുകളും വഴി നഗരത്തിന് ആവശ്യമായ ഊർജ്ജത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ് കണ്ടെത്തുന്നത്. ഈ പ്ലാന്റിൽ ഇത്തരമൊരു തീപിടുത്തം ഉണ്ടാകുന്നത് ഇതാദ്യമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









