ക്യുബെക്കിൽ കെട്ടിക്കിടന്ന അമേരിക്കൻ മദ്യം ഇനി നശിപ്പിക്കില്ല. പകരം വിവിധ സംഘടനകൾക്കും പരിശീലന സ്ഥാപനങ്ങൾക്കും സംഭാവനയായി നൽകുമെന്ന് ക്യുബെക് ധനകാര്യ മന്ത്രി എറിക് ഗിരാർദ്. ഏകദേശം 3 ലക്ഷം ഡോളർ (ഏകദേശം 2.4 കോടി രൂപ) വിലവരുന്ന, കാലാവധി കഴിയാറായ മദ്യമാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് താരിഫ് ചുമത്തിയതിന് പിന്നാലെ കഴിഞ്ഞ മാർച്ച് 4 മുതൽ ക്യുബെക്കിലെ മദ്യവിൽപ്പന ശാലകളായ എസ്.എ.ക്യു (SAQ) അമേരിക്കൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിർത്തിവെച്ചിരുന്നു. തുടർന്ന് 2.7 കോടി ഡോളർ വിലമതിക്കുന്ന മദ്യം സംഭരണശാലകളിലേക്ക് മാറ്റി.
ഇവയിൽ പലതിനും സംഭരണശേഷി കുറവാണ്. റോസെ, ബോക്സഡ് വൈനുകൾ, കോക്ക്ടെയിലുകൾ, ചിലതരം ബിയറുകൾ, ലിക്കറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിൽക്കാൻ കഴിയാത്തതിനാൽ ഏകദേശം 3 ലക്ഷം ഡോളറിൻ്റെ മദ്യം നശിപ്പിക്കാൻ എസ്.എ.ക്യു ഒരുങ്ങുകയായിരുന്നു. ഈ സമയത്താണ് നശിപ്പിക്കുന്നതിന് പകരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ തീരുമാനിച്ചത്. മദ്യം ജീവകാരുണ്യ സംഘടനകളുടെ പരിപാടികൾക്കും, ഹോട്ടൽ, കാറ്ററിംഗ് സ്കൂളുകളിലെ പരിശീലനത്തിനും ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
അമേരിക്കൻ മദ്യം ഒഴിവാക്കിയതോടെ ക്യുബെക്കിലെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. പ്രാദേശിക മദ്യത്തിൻ്റെ വിൽപ്പനയിൽ 30 മുതൽ 60 ശതമാനം വരെ വർദ്ധനവ് ഉണ്ടായി. ഒൻ്റാറിയോ, ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ മറ്റ് പ്രവിശ്യകളും അമേരിക്കൻ മദ്യത്തിൻ്റെ വിൽപ്പന നിർത്തിവെച്ചിരുന്നു. എന്നാൽ ആൽബർട്ടയും സാസ്കാച്ചെവാനും പിന്നീട് ഈ തീരുമാനം പിൻവലിക്കുകയും അമേരിക്കൻ മദ്യത്തിൻ്റെ വിൽപ്പന പുനരാരംഭിക്കുകയും ചെയ്തു.
"Stuck US alcohol will now be donated to charity" - Finance Minister Eric



