ഒട്ടാവ: ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് വാങ്ങാനുള്ള യു.എസ് നീക്കത്തെച്ചൊല്ലി ആഗോളതലത്തിൽ തർക്കം മുറുകുകയാണ്. ഗ്രീൻലാൻഡ് വിട്ടുനൽകാൻ വിസമ്മതിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ കടുത്ത വ്യാപാര താരിഫ് ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയതോടെ, നാറ്റോ സഖ്യകക്ഷികൾക്കൊപ്പം ഗ്രീൻലാൻഡിലേക്ക് സൈന്യത്തെ അയക്കാൻ കാനഡ നീക്കം തുടങ്ങി.
പ്രധാനമന്ത്രി മാർക്ക് കാർണി ഇത് സംബന്ധിച്ച സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ റോയൽ കനേഡിയൻ എയർഫോഴ്സ് ഗ്രീൻലാൻഡിൽ പരിശീലനത്തിന്റെ ഭാഗമാണെങ്കിലും, ഡെൻമാർക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേക സുരക്ഷാ അഭ്യാസങ്ങളിൽ കൂടുതൽ സേനയെ പങ്കെടുപ്പിക്കാനാണ് കാനഡ ആലോചിക്കുന്നത്.
ഗ്രീൻലാൻഡ് വാങ്ങാനുള്ള യു.എസ് നീക്കത്തെ എതിർക്കുന്ന ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ ഉൾപ്പെടെ എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ജൂൺ ഒന്നിനകം കരാർ ഒപ്പിട്ടില്ലെങ്കിൽ ഇത് 25 ശതമാനമായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയും റഷ്യയും ഈ ദ്വീപിനെ ലക്ഷ്യമിടുന്നുണ്ടെന്നും അതിനാൽ യു.എസ് നിയന്ത്രണം അനിവാര്യമാണെന്നുമാണ് ട്രംപിന്റെ വാദം.
ട്രംപിന്റെ ഭീഷണിയിൽ കാനഡ ആശങ്ക പ്രകടിപ്പിച്ചു. ഏത് രാജ്യമായാലും അവരുടെ പരമാധികാരവും പ്രാദേശിക ഭദ്രതയും സംരക്ഷിക്കപ്പെടണമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ഖത്തറിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രീൻലാൻഡിന്റെ ഭാവി തീരുമാനിക്കേണ്ടത് ഡെൻമാർക്കും അവിടത്തെ ജനങ്ങളുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യു.എസിനെ പിണക്കാതെ സൈനിക നീക്കം നടത്തുന്നതിലെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കനേഡിയൻ സർക്കാർ വിലയിരുത്തുന്നുണ്ട്. സാഹചര്യങ്ങൾ പരിഗണിച്ച് വരും ദിവസങ്ങളിൽ തന്നെ ഒരു ചെറിയ സൈനിക വിഭാഗത്തെ ഗ്രീൻലാൻഡിലേക്ക് അയച്ചേക്കുമെന്നാണ് സൂചന. മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി നാറ്റോ സഖ്യകക്ഷികൾക്കിടയിൽ ചർച്ചകൾ സജീവമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Fight over Greenland intensifies: Canada to send troops after US threat



