ടൊറന്റോ: ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ടൊറന്റോയിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. ജൂൺ 12, 17, 20, 23, 26, ജൂലൈ 2 എന്നീ തീയതികളിൽ ഉച്ചയ്ക്ക് 3 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയങ്ങളിൽ തിരക്ക് വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രധാന വേദിയായ ടൊറന്റോ സ്റ്റേഡിയത്തിന് (ബിഎംഒ ഫീൽഡ്) സമീപമുള്ള ലേക്ക് ഷോർ ബൊളിവാർഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ മത്സരദിവസങ്ങളിൽ നിയന്ത്രണമുണ്ടാകും. പ്രദേശവാസികളുടെ വാഹനങ്ങൾക്ക് മാത്രമായിരിക്കും ചില റോഡുകളിൽ പ്രവേശനം അനുവദിക്കുക. വാഹനങ്ങളുമായി എത്തുന്ന ആരാധകർക്കായി സ്റ്റേഡിയത്തിൽ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആരാധകർ പൊതുഗതാഗത സംവിധാനങ്ങളോ സൈക്കിളുകളോ കാൽനടയാത്രയോ ആശ്രയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇതിനായി ടൊറന്റോ ട്രാൻസിറ്റ് കമ്മീഷനും (ടിടിസി) മെട്രോലിൻക്സും കൂടുതൽ സ്ട്രീറ്റ് കാർ, ബസ്, ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എക്സിബിഷൻ ഗോ സ്റ്റേഷനിലൂടെയുള്ള ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും സബ്‌വേകൾ മത്സരദിവസങ്ങളിൽ പുലർച്ചെ 1:30 വരെ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ സന്ദർശകരെ സഹായിക്കാൻ 600 ആംബാസഡർമാരെ ടിടിസി നിയോഗിക്കും. സൈക്കിൾ യാത്രക്കാർക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗജന്യ വാലെ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഫോർട്ട് യോർക്ക് നാഷണൽ ഹിസ്റ്റോറിക് സൈറ്റ്, ദി ബെന്റ്‌വേ എന്നിവിടങ്ങളിലായി ജൂൺ 11 മുതൽ ജൂലൈ 19 വരെയുള്ള ദിവസങ്ങളിലാണ് ഫിഫ ഫാൻ ഫെസ്റ്റിവൽ നടക്കുക. വ്യാഴാഴ്ച രാത്രി നടക്കുന്ന പ്രത്യേക കൺസേർട്ടോടെ ഫാൻ ഫെസ്റ്റിവലിന് തുടക്കമാകും. ഫാൻ ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമായിരിക്കുമെന്നും 20,000 പേർ വരെ ഇതിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നും സംഘാടകർ അറിയിച്ചു. ആരാധകരുടെ സൗകര്യം കണക്കിലെടുത്ത് ടൂർണമെന്റ് സമയത്ത് ഒന്റാറിയോയിൽ ബാറുകൾക്കും മറ്റും പുലർച്ചെ 4 മണി വരെ പ്രവർത്തനാനുമതി നീട്ടി നൽകിയിട്ടുണ്ട്.
FIFA World Cup: Traffic restrictions and special services announced in Toronto!
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









