സൂറിച്ച്: ഈജിപ്തിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ആരാധകര്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ സ്‌പെയിനിന് 20,000 യുഎസ് ഡോളര്‍ പിഴ ചുമത്തി ഫിഫ. മാര്‍ച്ച് 31-ന് ബാഴ്സലോണയില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഫിഫയുടെ അപ്പീല്‍ സമിതി അടുത്തിടെ പിഴശിക്ഷ ശരിവെച്ചതായി വെള്ളിയാഴ്ച അറിയിച്ചു.

സംഭവത്തെ സ്‌പെയിന്‍ താരം ലാമിന്‍ യമാല്‍ ശക്തമായി അപലപിച്ചിരുന്നു. മുസ്ലിമായ യമാല്‍, മതത്തെ പരിഹസിക്കാനുള്ള ഉപാധിയായി ഉപയോഗിക്കുന്നത് അനാദരവും അസഹിഷ്ണുതയുമാണെന്ന് ഏപ്രിലില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ പ്രവൃത്തി അജ്ഞതയും വംശീയതയുമാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ അധിക്ഷേപം നേരിട്ട് യമാലിനെ ലക്ഷ്യമിട്ടായിരുന്നില്ല.
സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ ആദ്യത്തെ ഇത്തരം കുറ്റമായിരുന്നുവെന്നും സംഭവത്തോട് അധികൃതര്‍ വേഗത്തില്‍ പ്രതികരിച്ച് അപലപിച്ചെന്നും ഫിഫയുടെ അച്ചടക്ക സമിതി വിലയിരുത്തി. എന്നിരുന്നാലും, കര്‍ശന നടപടി ആവശ്യമാണെന്ന് സമിതി വ്യക്തമാക്കി. പിഴയ്ക്ക് പുറമെ സ്‌പെയിനിന്റെ അടുത്ത ഹോം സൗഹൃദ മത്സരത്തില്‍ സ്റ്റേഡിയത്തിലെ 15 ശതമാനം സീറ്റുകള്‍ അടച്ചിടുകയോ കുടുംബങ്ങള്‍, വിദ്യാര്‍ത്ഥികള്‍, വിവേചനവിരുദ്ധ സംഘടനകള്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കായി മാറ്റിവെക്കുകയോ വേണമെന്നും ഫിഫ നിര്‍ദേശിച്ചു.
ALSO READ: ഫിഫയില്‍ പുതിയ തീരുമാനമെടുക്കല്‍ രീതി; തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇന്‍ഫാന്റിനോ
എസ്പാന്യോളിന്റെ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. മത്സരത്തിന്റെ പത്താം മിനിറ്റിലും 47-ാം മിനിറ്റിലും മുദ്രാവാക്യം കേട്ടതായി ഫിഫയുടെ വിധിയില്‍ പറയുന്നു. സംഭവത്തിന് മുമ്പ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും മത്സര ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും ഉത്തരവാദികളായ ആരാധകരെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്ത സ്പാനിഷ് അധികൃതരുടെ നടപടികളെയും ഫിഫ പ്രശംസിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘FIFA Fines Spain $20,000 Over Anti-Muslim Chants’




