ഒന്റാരിയോ: കാനഡയിലേക്ക് ഇന്ത്യൻ സ്ത്രീകൾക്ക് കുടിയേറുന്നതിനായി താൻ രണ്ട് ‘വ്യാജ വിവാഹങ്ങളിൽ’ പങ്കെടുത്തതായി ഇന്ത്യൻ വംശജനായ ഒരാൾ ഒന്റാരിയോ കോടതിയിൽ വെളിപ്പെടുത്തി. അമ്രത്പാൽ സിംഗ് സിദ്ദു എന്ന വ്യക്തിയാണ് ഈ ഞെട്ടിക്കുന്ന സത്യം തുറന്നു പറഞ്ഞത്. പണമായും കൂടാതെ തന്റെ രോഗിയായ അമ്മയുടെ പരിചരണമായും പ്രതിഫലം ലഭിച്ചു എന്നും ഇയാൾ സമ്മതിച്ചു. സിദ്ദുവും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ അമൻദീപ് കൗറും തമ്മിലുള്ള കേസ് പരിഗണിക്കുന്നതിനിടയിലാണ് നിർണായകമായ ഈ വെളിപ്പെടുത്തൽ ഉണ്ടായത്. സിദ്ദുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്ന ഒന്റാരിയോ കോടതി തുറന്നുകാട്ടിയത് ഈ വിചിത്രമായ ചതിക്കഥ.
അമ്രത്പാൽ സിംഗ് സിദ്ദുവിന്റെ തുറന്നുപറച്ചിലുകൾക്ക് ശേഷം, അദ്ദേഹവും ആദ്യ ഭാര്യ അമൻദീപ് കൗറും തമ്മിലുള്ള ബന്ധം നിയമപരമായി നിലനിൽക്കുന്നില്ലെന്ന് കോടതി പ്രഖ്യാപിച്ചു. 1997-ൽ ഇന്ത്യയിൽ വെച്ച് പരമ്പരാഗത രീതിയിൽ വിവാഹിതരായവരാണ് സിദ്ദുവും അമൻദീപും. എന്നാൽ കാനഡയിൽ തിരിച്ചെത്തിയപ്പോൾ ഇരുവരും ഔദ്യോഗിക രേഖകളിൽ തങ്ങളെ ‘അവിവാഹിതർ’ എന്ന് രേഖപ്പെടുത്തുകയായിരുന്നു.
അമൻദീപുമായുള്ള വിവാഹത്തിന് തൊട്ടുപിന്നാലെ, സിദ്ദു കാനഡയിലേക്ക് കുടിയേറാൻ സഹായിക്കുന്നതിനായി കരംജിത് കൗർ എന്ന യുവതിയുമായി മറ്റൊരു ‘കള്ളവിവാഹത്തിൽ’ പങ്കെടുത്തു.ഒന്റാരിയോയിൽ നിയമപരമായി അംഗീകരിക്കപ്പെട്ട ഈ ബന്ധം 2001-ൽ വിവാഹമോചനത്തിൽ അവസാനിച്ചു. 2022-ൽ സിദ്ദു വീണ്ടും ഇന്ത്യയിൽ പോയി ഹർജിത് കൗർ എന്ന യുവതിയുമായി മൂന്നാമതൊരു കള്ളവിവാഹവും നടത്തി. എന്നാൽ ഹർജിത് കൗറിന് കാനഡയിലേക്ക് കുടിയേറാൻ കഴിഞ്ഞില്ല. ഈ കള്ളവിവാഹങ്ങൾക്കിടയിലും മൂന്ന് കുട്ടികളുള്ള സിദ്ദുവിന്റെ ആദ്യ ഭാര്യയുമായുള്ള ബന്ധം തകർച്ചയിലും പിന്നീട് ഒത്തുതീർപ്പിലുമായി മാറിമാറി തുടരുകയായിരുന്നു.
കുടിയേറ്റ പ്രക്രിയയിൽ സഹായിക്കുന്നതിനായി അമൻദീപിന് 40,000 ഡോളർ വാഗ്ദാനം ചെയ്തിരുന്നു എന്നും വിവാഹസമയത്ത് അമൻദീപ് സ്ഥലത്തുണ്ടായിരുന്നു എന്നും സിദ്ദു കോടതിയിൽ അവകാശപ്പെട്ടു. എന്നാൽ അമൻദീപ് ഇത് നിഷേധിച്ചു. 2000-നും 2017-നും ഇടയിൽ സിദ്ദു സ്വയം ‘അവിവാഹിതൻ’ എന്ന് രേഖപ്പെടുത്തിയപ്പോൾ, അമൻദീപിന്റെ രേഖകൾ ചിലയിടങ്ങളിൽ ‘വിവാഹിത’ എന്നും മറ്റുചിലയിടങ്ങളിൽ ‘അവിവാഹിത’ എന്നും രേഖപ്പെടുത്തി ആശയക്കുഴപ്പം സൃഷ്ടിച്ചു. നികുതി ആനുകൂല്യങ്ങൾ നേടുന്നതിനായി അമൻദീപ് ആവശ്യപ്പെട്ടത് പ്രകാരമാണ് ഔദ്യോഗിക രേഖകളിൽ ‘അവിവാഹിതൻ’ എന്ന് രേഖപ്പെടുത്തിയത് എന്നും സിദ്ദു കോടതിയിൽ മൊഴി നൽകി.
അമ്രത്പാൽ സിദ്ദുവിന്റെയും അമൻദീപ് കൗറിന്റെയും വെളിപ്പെടുത്തലുകൾ കോടതിയെ ഞെട്ടിച്ചു. വെളിപ്പെടുത്തലുകളുടെയും വൈരുധ്യങ്ങളുടെയും പശ്ചാത്തലത്തിൽ, ഇരുകൂട്ടരെയും പൂർണ്ണമായി വിശ്വസിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. “വിവാഹത്തിന്റെ സാധുതയെ സംബന്ധിച്ച തങ്ങളുടെ നിലപാട് ശക്തിപ്പെടുത്താൻ ഇരു കൂട്ടർക്കും അവരവരുടെ തട്ടിപ്പിനെ ആശ്രയിക്കാൻ കഴിയില്ല,” എന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജഡ്ജി ഈ വിവാഹം അസാധുവായി പ്രഖ്യാപിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
‘Fake marriages’ to immigrate to Canada: Indian-origin man reveals in Ontario court






