ഒട്ടാവ: ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കൾ ‘കനേഡിയൻ ഉത്പന്നം’ എന്ന് തെറ്റിദ്ധരിപ്പിച്ച് വിൽക്കുന്ന ‘മാപ്പിൾ വാഷിങ്’ എന്ന നിയമലംഘനം കാനഡയിലെ ഗ്രോസറുകൾ വ്യാപകമായി നടത്തുന്നതായി റിപ്പോർട്ട്. ഈ വിഷയത്തിൽ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (സി.എഫ്.ഐ.എ.) 12 കേസുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, 15,000 ഡോളർ വരെ പിഴ ചുമത്താൻ അധികാരമുണ്ടായിട്ടും ഒരു ഗ്രോസർമാർക്കെതിരെയും പിഴ ചുമത്തിയിട്ടില്ല. ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ സി.എഫ്.ഐ.എക്ക് ലഭിച്ച പരാതികളെ തുടർന്നാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തത്.
ഒരു കേസ് ഒഴികെ മറ്റെല്ലാ നിയമലംഘനങ്ങളും രാജ്യത്തെ വൻകിട ഗ്രോസറി ശൃംഖലകളുമായി ബന്ധപ്പെട്ടതാണെന്ന് സി.എഫ്.ഐ.എ. വ്യക്തമാക്കി.
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പ്രശ്‌നം പരിഹരിക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയെന്നും, അവർ അത് അനുസരിച്ചെന്നും സി.എഫ്.ഐ.എ. അറിയിച്ചു. എങ്കിലും, ഒരു കേസ് പൂർണമായി പരിഹരിക്കാൻ നാല് മാസമെടുത്തു. പിഴ ചുമത്താത്ത പക്ഷം ഗ്രോസറികൾ ഇത്തരം തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നത് തുടരുമെന്ന് കനേഡിയൻ ഉത്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ അഭിപ്രായപ്പെട്ടു.
തന്റെ പ്രാദേശിക കടയിൽ ‘പ്രൊഡക്ട് ഓഫ് കാനഡ’ എന്ന് ലേബൽ ചെയ്ത ബ്ലാക്ക്ബെറികൾ കണ്ടപ്പോൾ, പാക്കറ്റിൽ അത് ‘പ്രൊഡക്ട് ഓഫ് യു.എസ്.എ.’ എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടതായി ഹാമിൽട്ടൺ സ്വദേശിനിയായ ബ്രെണ്ട നിക്കോൾസ് പറഞ്ഞു. സമാനമായി, ‘പ്രൊഡക്ട് ഓഫ് പെറു’ എന്ന് രേഖപ്പെടുത്തിയ ആസ്പരാഗസ് ‘പ്രൊഡക്ട് ഓഫ് കാനഡ’ എന്ന ലേബലിൽ കണ്ടതായും അവർ കൂട്ടിച്ചേർത്തു. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് തെറ്റിദ്ധാരണാജനകമാണെന്ന് അവർ വ്യക്തമാക്കി.
നിയമലംഘനം ആവർത്തിച്ചാൽ പിഴ ചുമത്തണമെന്ന് ഗുൽഫ് യൂണിവേഴ്സിറ്റിയിലെ മാർക്കറ്റിംഗ് പ്രൊഫസർ ടിം ഡ്യൂഹേഴ്സ്റ്റും അഭിപ്രായപ്പെട്ടു. നിയമത്തിൽ പല്ലില്ലെങ്കിൽ അത് വെറും ഒരു കടലാസ് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൻകിട ഗ്രോസറികൾക്ക് വലിയ തോതിൽ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുന്നതിനാൽ ഇത്തരം പിഴവുകൾ സംഭവിക്കാമെന്ന് കമ്പനികൾ വാദിക്കുന്നു. എന്നാൽ, തെറ്റിദ്ധാരണയുണ്ടാക്കുന്ന ലേബലുകളും സൈനേജുകളും നിയമവിരുദ്ധമാണ്.
ഈ വർഷം ഇതുവരെ ഭക്ഷ്യവസ്തുക്കളുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് 160 പരാതികളാണ് സി.എഫ്.ഐ.എക്ക് ലഭിച്ചത്. ഇതിൽ 40 കേസുകളിൽ നിയമലംഘനം നടന്നതായി ഏജൻസി കണ്ടെത്തി. പക്ഷെ ഒരിടത്തും പിഴ ചുമത്തിയിട്ടില്ല. ഈ വിഷയത്തിൽ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, ‘മാപ്പിൾ ലീഫ്’ ചിഹ്നം കണ്ടാൽ ഉടൻ കനേഡിയൻ ഉത്പന്നമാണെന്ന് വിശ്വസിക്കാതെ ലേബലുകൾ ശ്രദ്ധാപൂർവ്വം വായിക്കണമെന്നും വിദഗ്ദ്ധർ ഉപദേശിക്കുന്നു.






