ക്യുബെക്ക്: ക്യുബെക്ക് പ്രവിശ്യയിൽ അതിശൈത്യം തുടരുന്നതിനെത്തുടർന്ന് വിമാന സർവീസുകളും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. മോൺട്രിയലിൽ നിന്ന് പുറപ്പെടേണ്ട 20 വിമാനങ്ങൾ റദ്ദാക്കിയതായി എയറോപോർട്ട്സ് ഡി മോൺട്രിയൽ വെബ്സൈറ്റ് ഞായറാഴ്ച അറിയിച്ചു. ഞായറാഴ്ച രാവിലെ വിൻഡ് ചിൽ ഫാക്ടർ മൈനസ് 29 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ മോൺട്രിയലിലെ നിരവധി വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ശൈത്യകാല ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ക്യുബെക്കിലെ 18,320 ഇടങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടതായി ഹൈഡ്രോ-ക്യുബെക്ക് റിപ്പോർട്ട് ചെയ്തു. ഇതിൽ 14,781 കണക്ഷനുകളും മോൺട്രിയലിലാണ്. ശനിയാഴ്ച വൈകുന്നേരം 30,000 ഔട്ടേജുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും മോണ്ടെറെഗി ഉൾപ്പെടെയുള്ള മേഖലകളിൽ ഞായറാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ എസ്ത്രിയിൽ 1,732 വീടുകളിലും സ്ഥാപനങ്ങളിലും ഇപ്പോഴും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ചിലയിടങ്ങളിൽ രാവിലെ മൈനസ് 35 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അനുഭവപ്പെട്ടു.
അതിശൈത്യത്തിന് പിന്നാലെ തെക്കൻ, കിഴക്കൻ ക്യുബെക്കിൽ 10 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന മഞ്ഞുവീഴ്ച തിങ്കളാഴ്ച വൈകുന്നേരം വരെ തുടരാനാണ് സാധ്യത. ശക്തമായ മഞ്ഞുകാറ്റ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ റോഡുകളിൽ കാഴ്ചപരിധി കുറയുമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Extreme cold continues in Quebec; flights canceled, power outages in many homes



