അടുത്ത വർഷം മുതൽ കാനഡയുടെ എക്സ്പ്രസ് എൻട്രി സിസ്റ്റത്തിൽ വൻ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. പുതിയ സാമ്പത്തിക, തൊഴിൽ വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി IRCC വലിയ പരിഷ്കരിക്കാരങ്ങൾക്ക് ഒരുങ്ങുകയാണ്. ഇതിലൂടെ കാനഡയുടെ മത്സരക്ഷമത വർദ്ധിപ്പിക്കാനും, രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവന ചെയ്യാൻ കഴിവുള്ള ഉദ്യോഗാർത്ഥികളെ ആകർഷിക്കാനും ആണ് ലക്ഷ്യമിടുന്നത്.
2026-ൽ എക്സ്പ്രസ് എൻട്രിയിൽ പുതിയതായി ‘ലീഡർഷിപ്പ് ആൻഡ് ഇന്നവേഷൻ’ എന്ന വിഭാഗം ഉൾപ്പെടുത്താൻ IRCC ആലോചിക്കുന്നുണ്ട്. ദീർഘകാല തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനുമപ്പുറം, കാനഡയുടെ ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കാൻ കഴിവുള്ളവരെ തിരഞ്ഞെടുക്കുകയാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. താഴെ പറയുന്ന ജോലികൾ ഈ വിഭാഗത്തിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്:
സീനിയർ മാനേജർമാർ: ബിസിനസ് വിജയത്തിന് നേതൃത്വം നൽകാൻ കഴിയുന്ന പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ.
സൈനികർ: കാനഡയുടെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനായി സഖ്യരാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരായ സൈനികർ.
ശാസ്ത്രജ്ഞന്മാരും ഗവേഷകരും: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സഹായിക്കുന്ന കണ്ടുപിടുത്തങ്ങൾ നടത്തുന്നവർ.
നിലവിലുള്ള വിഭാഗങ്ങൾ തുടരുമോ?
2023-ൽ അവതരിപ്പിച്ച നിലവിലെ വിഭാഗങ്ങൾ 2026-ലും തുടരാൻ സാധ്യതയുണ്ട്. ഇതിൽ ചില മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് IRCC പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നുണ്ട്.
നിലവിലെ പ്രധാന വിഭാഗങ്ങൾ ഇവയാണ്:
ഫ്രഞ്ച് ഭാഷാ പ്രാവീണ്യം: ഫ്രഞ്ച് സംസാരിക്കുന്ന സമൂഹങ്ങളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ വിഭാഗം.
വിവിധ മേഖലകളിലെ തൊഴിലുകൾ: ആരോഗ്യം, സാമൂഹ്യ സേവനം, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM), കൃഷി, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ തൊഴിൽ ക്ഷാമം പരിഹരിക്കുക എന്നതാണ് ലക്ഷ്യം.
യോഗ്യതാ മാനദണ്ഡങ്ങളിലെ മാറ്റങ്ങൾ
വർഗ്ഗാധിഷ്ഠിത തിരഞ്ഞെടുപ്പുകൾക്കായി അപേക്ഷിക്കുന്നവരുടെ യോഗ്യതാ മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരാം. നിലവിൽ 6 മാസത്തെ പ്രവൃത്തി പരിചയം മതിയായിരുന്നത് 12 മാസമായി ഉയർത്തുന്നതിനെക്കുറിച്ച് IRCC ആലോചിക്കുന്നുണ്ട്. കൂടാതെ, ആരോഗ്യ സംരക്ഷണം പോലെയുള്ള നിയന്ത്രിത തൊഴിൽ മേഖലകളിൽ കനേഡിയൻ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന നൽകാനും സാധ്യതയുണ്ട്.
പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം
2026-ലെ മാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടുന്നതിനുള്ള ഓൺലൈൻ സർവേ IRCC ആരംഭിച്ചിട്ടുണ്ട്. വ്യക്തികൾക്കും, ബിസിനസ്സുകൾക്കും, സംഘടനകൾക്കും ഈ സർവേയിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാം. 2025 സെപ്റ്റംബർ 3 വരെയാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള സമയം. ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും 2026-ലെ എക്സ്പ്രസ് എൻട്രി സിസ്റ്റത്തിൽ അന്തിമ തീരുമാനമെടുക്കുക.
New Canada Express Entry Draw Category Changes For 2026



