എഡ്മണ്ടണ്‍: പോലീസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണ്‍ വിളിച്ചുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി എഡ്മന്റണ്‍ പോലീസ് (ഇപിഎസ്) രംഗത്ത്. ഡൗൺടൗൺ ഡിവിഷനിൽ നിന്നാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാർ ആളുകളെ വിളിച്ച് അവർ ഒരു തട്ടിപ്പ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുകയാണ് ചെയ്യുന്നത്. പോലീസ് സേനയുടെ ഫ്രണ്ട് കൗണ്ടർ ലൈനായ 780-421-2200 എന്ന നമ്പറിൽ നിന്ന് നിരവധി വ്യാജ കോളുകൾ വന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്. തട്ടിപ്പുകാർ യഥാർത്ഥ നമ്പറുകൾ ഉപയോഗിച്ചാണ് വിളിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
തട്ടിപ്പ് നടത്തുന്നവർ യഥാർത്ഥ ഫോൺ നമ്പറിന് സമാനമായ വ്യാജ നമ്പറുകൾ ഉപയോഗിച്ച്, ആളുകളെ വിളിക്കുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനെപ്പോലെ സംസാരിച്ച്, തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച്, ഇരകളിൽ നിന്ന് വ്യക്തിപരമായ വിവരങ്ങൾ തട്ടിയെടുക്കാൻ ഇവർ ശ്രമിക്കുന്നു. അതുകൊണ്ട്, ഇത്തരം കോളുകൾ ലഭിച്ചാൽ ഉടൻതന്നെ കോൾ കട്ട് ചെയ്യണമെന്ന് പോലീസ് നിർദ്ദേശിച്ചു.
കൂടാതെ, ജനറൽ എൻക്വയറീസ് ലൈനിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ പൊതുവെ ആളുകളെ വിളിക്കാറില്ലെന്നും ഇപിഎസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിയാനോ പരാതികൾ അറിയിക്കാനോ ഇപിഎസ്-ൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. തട്ടിപ്പുകളിൽ വീഴാതിരിക്കാൻ അനാവശ്യ കോളുകൾക്കെതിരെ എപ്പോഴും ജാഗ്രത പുലർത്തുക.
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
You might get a call too! EPS warns against anonymous phone calls






